+

പട്ടികവർഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ് തുക തടഞ്ഞ്‌ കേന്ദ്രം ; നൽകാനുള്ളത്‌ 25.43 കോടി രൂപ

സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ് തുക തടഞ്ഞ്‌ കേന്ദ്ര സർക്കാർ. 2.5 ലക്ഷം രൂപയ്‌ക്ക്‌ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുള്ള

തിരുവനന്തപുരം : സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ് തുക തടഞ്ഞ്‌ കേന്ദ്ര സർക്കാർ. 2.5 ലക്ഷം രൂപയ്‌ക്ക്‌ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുള്ള സ്‌കോളർഷിപ് വിഹിതമാണ് കേന്ദ്രം മുടക്കിയത്. 2023–24, 2024-–25 വർഷങ്ങളിലെ വിഹിതമായി 25.43 കോടി രൂപയാണ് നൽകാനുള്ളത്‌. എന്നാൽ, കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ സ്‌കോളർഷിപ് നൽകാനാവശ്യമായ 85 കോടി രൂപയും നൽകി.

സ്‌കോളർഷിപ് തുകയുടെ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. നിലവിൽ 2.5 ലക്ഷത്തിനുമേൽ വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്ക് കേന്ദ്രം ഒരു പൈസയും നൽകുന്നില്ല. ഇവരുടെ സ്കോളർഷിപ്പ്‌ ചെലവ്‌ പൂർണമായും സംസ്ഥാനമാണ് വഹിക്കുന്നത്. സ്‌കോളർഷിപ് വിഹിതത്തിനായി നിരവധി തവണ കത്തയക്കുകയും നേരിട്ട്‌ അഭ്യർഥിക്കുകയും ചെയ്‌തെങ്കിലും കേന്ദ്രം തുക അനുവദിക്കാൻ തയ്യാറായിട്ടില്ല.

2024-–25 ൽ മാത്രം 14,407 വിദ്യാർഥികൾക്കാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അനുവദിച്ചത്. ഇതിൽ 2520 പേർ 2.5 ലക്ഷത്തിനു മുകളിൽ കുടുംബ വരുമാനമുള്ളവരാണ്. 5791 വിദ്യാർഥികൾ ഹയർ സെക്കൻഡറിയിലും 4070 വിദ്യാർഥികൾ ഡിഗ്രിക്കും സ്കോളർഷിപ്പ് നേടി. പിജിക്ക് 574 ഉം എംബിബിഎസിന് 222 ഉം എൻജിനീയറിങ്ങിന് 347ഉം നിയമത്തിൽ 94ഉം പോളിടെക്നിക്കിൽ 670 ഉം പേർക്കും സ്കോളർഷിപ് നൽകി. ബിഎസ്‌സി നഴ്സിങ്‌ വിദ്യാർഥികളായ 323 പേർക്കും ബിഎഡ്‌ വിദ്യാർഥികളായ 241 പേർക്കും സ്കോളർഷിപ്പ് നൽകി. ജനറൽ നഴ്സിങ്, ആയുർവേദം, വെറ്റിനറി, എംബിഎ, ഫുഡ് ക്രാഫ്റ്റ് തുടങ്ങി 60 അംഗീകൃത കോഴ്സുകൾക്കാണ് സ്കോളർഷിപ് നൽകിവരുന്നത്. ആധാറും ബാങ്ക് അക്കൗണ്ടും സംയോജിപ്പിക്കുന്ന വിഷയത്തിൽ 4423
വിദ്യാർഥികൾക്കുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണ്‌.

facebook twitter