ചണ്ഡിഗഡ്: കാർ കനാലിലേക്ക് മറിഞ്ഞ് സ്‌കൂൾ അധ്യാപകരായ ദമ്പതികൾ മരിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡിലെ ദൃശ്യപരത ഗണ്യമായി കുറഞ്ഞ സമയത്താണ് അപകടമുണ്ടായത്. പഞ്ചാബിലെ മോഗ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം.
പഞ്ചാബ് ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംഗത്പുര ഗ്രാമത്തിലെ പോളിംഗ് ബൂത്തിലേക്ക് പോവുകയായിരുന്നു കമൽജീത് കൗർ. ഭർത്താവ് ജാസ് കരൺ സിംഗ് ഭാര്യയെ കൊണ്ടുവിടാൻ പോകവേയാണ് അപകടമുണ്ടായത്. കനത്ത മൂടൽമഞ്ഞ് കാരണം മുന്നിലുള്ള റോഡ് വ്യക്തമായി കാണാൻ കഴിയാതിരുന്നതിനാൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇരുവരും മോഗ ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകരായിരുന്നു.