
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴി ഉടന്‍ അന്വേഷണസംഘം രേഖപ്പെടുത്തും. കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. അറസ്റ്റു തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി നിരസിച്ചു. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലാണ് യുവതിയുടെ പരാതിയെത്തിയത്.
ആദ്യ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ രണ്ടാമത്തെ കേസില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയില്‍ പെറ്റീഷന്‍ നല്‍കിയത്. ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് രാഹുല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും ഇങ്ങനെയൊരു പരാതിക്കാരിയുണ്ടോ എന്ന് സംശയമാണെന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.