കരുനാഗപ്പള്ളി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 25-കാരന് 58 വർഷം തടവും 3.85 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കൊല്ലം ഈസ്റ്റ് ഉളിയക്കോവിൽ കണ്ണമത്ത് നിധിൻനിവാസിൽ ബേബി രാജിനെയാണ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷവും ഏഴുമാസവുംകൂടി അധികതടവ് അനുഭവിക്കണം. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്. 2016-ലാണ് കേസിന് ആസ്പദമായ സംഭവം.
അതിജീവിത പഠിക്കുന്ന സ്കൂളിലെ അധ്യാപകരുടെ ഇടപെടലിനെത്തുടർന്ന് വിവരം ബന്ധുക്കൾ ചൈൽഡ് ലൈനിൽ അറിയിച്ചിരുന്നു. ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകൾ ഹാജരാക്കി.
കൊല്ലം ഈസ്റ്റ് പോലീസ് എസ്എച്ച്ഒ ആയിരുന്ന ജി. അരുണാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേംചന്ദ്രൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എഎസ്‌ഐ മഞ്ജു ഏകീകരിച്ചു