കുവൈറ്റ്: രാജ്യത്തെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് കുവൈത്തിലെ എൻവയോണ്‍മെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ).കടല്‍ മനഃപൂർവ്വം മലിനീകരിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികള്‍ തുടരുമെന്ന് ഇ.പി.എ. വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിള്‍ 68 പ്രകാരം, ദോഷകരമായ വസ്തുക്കള്‍ ഉപയോഗിച്ച് കടല്‍ മലിനീകരിക്കുന്ന ഏതൊരാള്‍ക്കും ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് ഇ.പി.എ. പ്രസ്താവനയില്‍ പറയുന്നു.
നിരോധിക്കപ്പെട്ട മലിനീകരണ വസ്തുക്കളില്‍ എണ്ണയും അതിന്റെ ഉപോല്‍പ്പന്നങ്ങളും, വിഷമുള്ള ദ്രാവകങ്ങളും മാലിന്യങ്ങളും, സംസ്കരിക്കാത്ത മലിനജലം, രാസവസ്തുക്കള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, ദോഷകരമായ ഊർജ്ജ രൂപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കുവൈത്തിന്റെ ആഭ്യന്തര ജലാശയങ്ങള്‍, പ്രാദേശിക കടല്‍ അതിർത്തികള്‍, സമീപ മേഖല, പ്രാദേശിക കടലുമായി ബന്ധിപ്പിച്ച ജലാശയങ്ങള്‍ എന്നിവയിലെല്ലാം ഈ നിയമങ്ങള്‍ ബാധകമാണെന്നും അതോറിറ്റി വ്യക്തമാക്കി.