
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായ ഗസല്‍ ഗായകന്‍ ഷഹ്ബാസ് അമന്‍. എം സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് താരതമ്യേന കുറച്ച് കൂടി രാഷ്ടീയമാനമുള്ള ഒന്നാക്കി മാറ്റാന്‍ കഴിയുമെന്നാണ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നത്.
പ്രമുഖ സാഹിത്യകാരന്മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വരാജിനായി നിലമ്പൂരില്‍ ഒത്തുചേര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും അല്ലാതേയും സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സ്വരാജിനെ ജയിപ്പിക്കണമെന്നും യുവ നേതാവിനെ നിയമസഭയില്‍ എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ച് കാമ്പയിന്‍ നടത്തുന്നുണ്ട്.
ഷഹ്ബാസ് അമന്റെ ഫേസ്ബുക്ക് പോസ്റ്റ്,
നിലമ്പൂരില്‍ നടക്കുന്നത് കേരളരാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതി നിര്‍ണ്ണായകമായ ഒരു മത്സരമാണ് എന്ന് കരുതുന്നില്ല. പാര്‍ട്ടികളുടെയും വ്യക്തികളുടെയും 'അഭിമാനം' അവിടെ നന്നായി വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന് മാത്രം.എങ്കിലും,എം.സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് താരതമ്യേന കുറച്ച് കൂടി രാഷ്ടീയമാനമുള്ള ഒന്നാക്കി മാറ്റാന്‍ കഴിയും.ഇനി തിരിച്ചായാല്‍പ്പോലും നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ച് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടാന്‍ ( സ്ത്രീകളും ദളിത് വിഭാഗങ്ങളും ആദിവാസികളും ഉയര്‍ത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ,പ്രകോപനപരമായോ,അവഗണനയോടെയോ സമീപിക്കാതിരുന്നാല്‍) വേറെ തടസ്സങ്ങളൊന്നുമുള്ളതായി തോന്നുന്നില്ല. ഒറ്റ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. വെള്ളം കോരിയിട്ടില്ലെങ്കിലും കുടമിട്ടുടക്കരുത്!
സ്വരാജുമായി യാതൊരു ബന്ധവുമില്ല.ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല.ഇനി പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല.പക്ഷേ. ഈ തെരഞ്ഞെടുപ്പില്‍ 'എന്റെ വോട്ട്' അയാള്‍ക്കാണ്.ഇതില്‍ കൂടുതല്‍ വിശദീകരണം സ്വന്തം രാഷ്ട്രീയ വോട്ടിനു ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.നന്ദി. എല്ലാവരോടും സ്‌നേഹം???
(ഇത് ഇവിടെ നിന്ന് എടുത്ത് കൊണ്ട് പോകുന്നവര്‍ മുഴുവനും കൊണ്ടുപോകണേ..ഈ പോസ്റ്റ് തന്നെ വ്യക്തിപരമായ ഒരു കമന്റ് ആയത് കൊണ്ട് കമന്റിനുള്ള കമന്റിനു കമന്റ് ഉണ്ടായിരിക്കുന്നതല്ല)