പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ഗുല്‍ എന്ന് റിപ്പോര്‍ട്ട്. എന്‍ഐഎയുടെ അന്വേഷണത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതില്‍ ഇയാളുടെ പങ്ക് നിര്‍ണായകമെന്ന് കണ്ടെത്തി. പാക്കിസ്ഥാനിലെ റാവില്‍പിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനങ്ങളെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പഹല്‍ഗാമിലേത് കൂടാതെ നിരവധി ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ശ്രീനഗറില്‍ പഠിച്ച സജാദ് ഗുല്‍ ബംഗളൂരുവില്‍നിന്നും എംബിഎ നേടിയ ശേഷമാണ് കേരളത്തിലെത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ശേഷം ശ്രീനഗറിലേക്ക് മടങ്ങിയ ഗുല്‍ അവിടെ ലാബ് സ്ഥാപിക്കുകയും ലാബിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമായിരുന്നു. 2002 ല്‍ സ്‌ഫോടകവസ്തുക്കളുമായി പിടിയിലായി ജയില്‍ശിക്ഷ അനുഭവിച്ച ശേഷമാണ് ഗുല്‍ പാക്കിസ്ഥാനിലേക്ക് പോയി ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിഴല്‍ സംഘടനയായ ടിആര്‍എഫുമായി വീണ്ടും ഭീകര പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.