നായയുടെ കടിയേറ്റാല്‍ വാക്‌സിനെടുത്താല്‍ മാത്രം പോര, ഈ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം, കുട്ടിയുടെ വിയോഗത്തില്‍ കുറിപ്പുമായി ഷിംന അസീസ്, ഏവരും വായിച്ചിരിക്കേണ്ടത്

07:18 PM Apr 30, 2025 |


കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാക്‌സിനെടുത്തിട്ടും പെണ്‍കുട്ടി മരിച്ചത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തേയും ഇത്തരം സംഭവങ്ങള്‍ നടന്നതിനാല്‍ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍, വാക്‌സിനെടുത്തത് കൊണ്ടുമാത്രം സുരക്ഷിതമാവില്ലെന്നും പ്രാഥമിക ശുശ്രൂഷ പ്രധാനമാണെന്നും പറയുകയാണ് ഡോ. ഷിംന അസീസ്.

ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

തെരുവുനായയില്‍ നിന്നും പേവിഷബാധയേറ്റ് കുട്ടി മരിച്ചത് ഒരല്‍പ്പം ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. അതിലേറെ വിഷമം അവള്‍ പൂര്‍ണമായും വാക്സിനെടുത്തിരുന്നു, ഇമ്മ്യുണോഗ്ലോബുലിന്‍ എടുത്തിരുന്നു, എന്നിട്ടും രക്ഷപ്പെട്ടില്ല എന്നതാണ്. ഈ അവസ്ഥയില്‍ വാക്സിനിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുണ്ടോ, എന്താണ് വസ്തുത?


കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത് തലയിലും ചുണ്ടിലുമുള്‍പ്പെടെ സാരമായ മുറിവുകള്‍ ഉണ്ടായിരുന്നു എന്നാണ്. റാബീസ് വൈറസ് നാഡികളിലൂടെ പതുക്കെ സഞ്ചരിച്ച് മസ്തിഷ്‌കത്തിലെത്തി മരണമുണ്ടാക്കുന്ന രോഗാണുവാണ്. അത് കൊണ്ടാണ് കടിയേറ്റ ശേഷം വാക്സിനെടുക്കുന്നത്. വൈറസ് തലച്ചോറിലെത്തും മുന്നേ വാക്സിന്‍ പ്രതിരോധം റെഡിയാക്കും, വൈറസിനെ തുരത്തും. കൂടുതല്‍ സാരമായ മുറിവുകള്‍ക്ക്, മുറിവിന്റെ ക്യാറ്റഗറി അനുസരിച്ച് ആവശ്യമെങ്കില്‍ റെഡിമെയ്ഡ് പ്രതിരോധമായ റാബീസ് ഇമ്മ്യുണോഗ്ലോബുലിനും നല്‍കും. ഇത് വാക്സിന്‍ പണി തുടങ്ങുന്നതിന് മുന്നേ തന്നെ ശരീരത്തെ സംരക്ഷിച്ചു തുടങ്ങും.

വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്ന കടിയേറ്റ ഭാഗം മുതല്‍ തലച്ചോറ് വരെയുള്ള ദൂരം കുറയുന്നതിനനുസരിച്ച് പേവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് തന്നെ നാഡികളെ എളുപ്പത്തില്‍ വൈറസ് പിടികൂടുന്ന ആഴത്തിലുള്ള മുറിവുകളില്‍ അപകടസാധ്യത ഏറും. വൈറസ് തലച്ചോറില്‍ എത്തി കോശങ്ങളില്‍ അറ്റാച്ച് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ വാക്സിനും ഇമ്മ്യുണോഗ്ലോബുലിനും നല്‍കിയാലും രക്ഷപ്പെടാനുള്ള സാധ്യതയില്ല. തലയില്‍ വളരെ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്ന മരണപ്പെട്ട കുഞ്ഞിന്റെ കാര്യത്തിലും അതായിരിക്കണം സംഭവിച്ചത്. വാക്സിന്റെയോ ഇമ്മ്യുണോഗ്ലോബുലിന്റെയോ ശേഷിക്കുറവായിരുന്നെങ്കില്‍, അവളെ കടിച്ച അതേ പേപ്പട്ടിയുടെ കടിയേറ്റ ബാക്കിയുള്ളവര്‍ക്കും ഇതിനോടകം രോഗമുണ്ടായേനെ.

അത്യപൂര്‍വ്വമായി പേവിഷബാധയെ അതിജീവിച്ചവര്‍ ഇന്നുണ്ടെങ്കിലും മരണപ്പെട്ടവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാല്‍ അവരുടെ എണ്ണം തീര്‍ത്തും തുച്ഛമാണ്. അത് കൊണ്ട് തന്നെ നൂറ് ശതമാനം മരണസാധ്യതയുള്ള രോഗമാണ് റാബീസ് എന്ന് പറയാം. എങ്ങനെ സുരക്ഷിതരാകാം?

പുറമെയുള്ള മൃഗങ്ങളില്‍ നിന്ന് മാത്രമല്ല, വീട്ടിലെ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും റാബീസ് പിടിപെടാം. കുഞ്ഞു മക്കളുള്ള ഏറെ വീടുകളില്‍ പട്ടിയോ പൂച്ചയോ മറ്റ് ജീവികളോ  ഓമനമൃഗങ്ങളായിട്ടുണ്ട്. പുറമേ നിന്നും ചിലപ്പോള്‍ നമുക്കെല്ലാം മൃഗങ്ങളുടെ വലുതോ ചെറുതോ ആയ സ്പര്‍ശങ്ങള്‍ ഏല്‍ക്കാറുണ്ട്. സ്വാഭാവികമായും, മൃഗങ്ങളില്‍ നിന്ന് പേവിഷബാധ വരാനുള്ള സാധ്യതയുണ്ട്.

റാബീസ് തടയാന്‍ ആദ്യം വേണ്ടത് വീട്ടിലെ മൃഗങ്ങള്‍ക്ക് റാബീസ് വാക്സിന്‍ നല്‍കുകയും അത് പോലെ നമ്മള്‍ അവരില്‍ നിന്ന് കടിയോ മാന്തോ ഏല്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയുമാണ്. പുറമേ നിന്നുള്ള മൃഗങ്ങളുടെ അപ്രതീക്ഷിതമായ ആക്രമണങ്ങളില്‍ ചെന്ന് പെടാതെയും ആവുന്നത്ര ശ്രദ്ധിക്കുക.

പട്ടി, കുരങ്ങ്, പശു, ആട്, കുറുക്കന്‍, മരപ്പട്ടി, നീര്‍നായ തുടങ്ങിയ ഒരുപാട് മൃഗങ്ങള്‍ വഴി പേവിഷബാധ ഉണ്ടാകാം. മുയല്‍, എലി, പക്ഷികള്‍ തുടങ്ങിയവ റാബീസ് പരത്തുന്നില്ലെങ്കിലും, കടിച്ച മൃഗം ഏതാണെന്ന് ഉറപ്പില്ലെങ്കിലോ, ഭയമോ ആശങ്കയോ ഉണ്ടെങ്കിലോ വൈദ്യസഹായം തേടണം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മുറിഞ്ഞ തൊലി വഴിയും ശ്‌ളേഷ്മസ്തരം വഴിയും കണ്ണിലെ കോര്‍ണിയയിലൂടെ പോലും രോഗാണു ശരീരത്തില്‍ കയറിക്കൂടാം. സ്ഥിരമായി മൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍ക്ക് മുന്‍കൂട്ടി വാക്സിനെടുത്ത് സുരക്ഷ നേടാവുന്നതാണ്.

ഇനി അഥവാ മാന്തലോ കടിയോ ഏറ്റ് കഴിഞ്ഞാല്‍ ആ പ്രതലം നന്നായി ഒഴുകുന്ന വെള്ളത്തില്‍ 15-20 മിനിറ്റ് സോപ്പുപയോഗിച്ച് പതപ്പിച്ച് കഴുകുക. കുറേ വൈറസൊക്കെ ആ വെള്ളത്തില്‍ ഒലിച്ച് പൊയ്ക്കൊളും. വലിയ രീതിയില്‍ മുറിവുണ്ടെങ്കില്‍ വൃത്തിയുള്ള കോട്ടന്‍ തുണി കൊണ്ട് കെട്ടാം. മുറിവില്‍ പുറമേ നിന്ന് യാതൊന്നും ഇടരുത്.
ഇതിന് ശേഷം ആശുപത്രിയില്‍ പോവുക. എത്ര സാരമായ മുറിവാണ്, വാക്സിന്‍ വേണോ. ഇനി വേണമെങ്കില്‍ തന്നെ വാക്സിന്‍ മാത്രം മതിയോ അതോ ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി വേണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഡോക്ടറാണ്. കൂടെ ആവശ്യമെങ്കില്‍ ടിടിയും മുറിവ് പഴുക്കാതിരിക്കാനുള്ള മരുന്നുകളും തരും.
തൊലിക്കുള്ളിലോ പേശിയിലോ ഷെഡ്യൂള്‍ അനുസരിച്ച് പല ദിവസങ്ങളിലായാണ് വാക്സിനെടുക്കുന്നത്. ഇമ്മ്യുണോഗ്ലോബുലിന്‍ ആവശ്യമെങ്കില്‍ ആദ്യദിനം മാത്രമാണ് എടുക്കേണ്ടത്. ഇത് പാതി മുറിവകള്‍ക്ക് ചുറ്റിലും ബാക്കി പേശികളിലുമാണ് കുത്തിവെക്കുക. പൊക്കിളിന് ചുറ്റും വാക്സിനെടുക്കുന്ന പഴയ രീതി ഇപ്പോഴില്ല.
ഒരിക്കല്‍ ഫുള്‍ കോഴ്സ് കുത്തിവെപ്പ് എടുത്താല്‍ ആയുഷ്‌കാലത്തേക്ക് മുഴുവന്‍ സുരക്ഷ ലഭിക്കില്ല. എന്നാല്‍, അടുത്ത തവണ എടുക്കുന്ന ബൂസ്റ്റര്‍ വാക്സിന്‍ ഡോസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാം. അത് കൊണ്ട് തന്നെ രണ്ടാമത് കടിയേറ്റാലും ആദ്യ തവണ  കുത്തിവെപ്പ് എഴുതിയ ചീട്ടുമായി നിര്‍ബന്ധമായും ഡോക്ടറെ പോയി കണ്ട് വേണ്ട നിര്‍ദേശം തേടുക.

ഓര്‍ക്കുക, റാബീസ് മരണത്തിന്റെ പര്യായമാണ്. രക്ഷപ്പെടാന്‍ ഒന്നേയുള്ളൂ മാര്‍ഗം, കുത്തിവെപ്പിനെ ഭയന്ന് മൃഗം ഉപദ്രവിച്ചതിനെ അവഗണിക്കാതിരിക്കുക. യഥാസമയം ചികിത്സ തേടുക. പിന്നെ, പേവിഷബാധക്കെതിരെയുള്ള വാക്സിനെടുക്കുമ്പോള്‍ പുളിയോ കുമ്പളമോ വേറെ എന്ത് തന്നെ വേണമെങ്കിലും കഴിക്കാം. പഥ്യവും ഗദ്യവുമൊന്നുമില്ല. ഒട്ടും വൈകാതെ ഡോക്ടറെ കാണുക, അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കണിശമായി പാലിക്കുക, സമാധാനമായിരിക്കുക.
ഇനിയൊരു ജീവന്‍ കൂടി റാബീസ് വൈറസ് കൊണ്ട് പോകാതിരിക്കട്ടെ. ആ കുഞ്ഞുമോള്‍ക്ക് ആദരാഞ്ജലികള്‍.