+

വോട്ടർമാർക്ക് ചെരുപ്പ് വിതരണം ചെയ്തു ; ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ ചട്ടലംഘനത്തിന് കേസ്

ഡൽഹിയിലെ വോട്ടർമാർക്ക് ചെരുപ്പ് വിതരണം ചെയ്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർത്ഥി പർവേഷ് വർമക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു.

ഡൽഹി : ഡൽഹിയിലെ വോട്ടർമാർക്ക് ചെരുപ്പ് വിതരണം ചെയ്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർത്ഥി പർവേഷ് വർമക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. ന്യൂദൽഹി നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് പർവേഷ് വർമ ഷൂ വിതരണം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വൈറൽ ആയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി.

അഭിഭാഷകനായ രജനിഷ് ഭാസ്‌കർ ആണ് പർവേഷ് വർമക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. പരാതിക്കാരനായ അഭിഭാഷകൻ രജനിഷ് ഭാസ്‌കർ പങ്കുവെച്ച വീഡിയോകൾ ലഭിച്ച തെരഞ്ഞെടുപ്പ് സമിതി റിട്ടേണിങ് ഓഫീസർ കേസ് രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകുകയായിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിൻ്റെ 123-ാം വകുപ്പ് അനുസരിച്ച്, തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്ഥാനാർത്ഥി അല്ലെങ്കിൽ അയാളുടെ ഏജൻ്റ് നൽകുന്ന ഏതൊരു സമ്മാനമോ വാഗ്ദാനമോ അഴിമതിയുടെ കീഴിലാണ് വരിക.

ന്യൂദൽഹി അസംബ്ലി സീറ്റിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാൻ ബി.ജെ.പി നിർത്തിയ സ്ഥാനാർഥിയാണ് പർവേഷ് വർമ.

പർവേഷ് വർമ വനിതാ വോട്ടർമാർക്കായി 1,100 രൂപ വിതരണം ചെയ്യുകയും വോട്ടർമാരെ ആകർഷിക്കാൻ ‘ഹർ ഘർ നൗക്രി’ പദ്ധതി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വർമ തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി നേരിടുന്നത്.

മോഡൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം വർമ ദൽഹി നിയോജക മണ്ഡലത്തിൽ തൊഴിൽ മേളകൾ നടത്തിയിരുന്നു. ഒപ്പം ജോബ് കാർഡുകൾ വിതരണം ചെയ്യുകയും ആരോഗ്യ ക്യാമ്പുകൾ വഴി കണ്ണടകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നെന്ന് എ.എ.പി ആരോപിച്ചു.
ഫെബ്രുവരി അഞ്ചിന് ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

facebook twitter