+

മെക്‌സിക്കോയില്‍ മതപരമായ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പ് ; 12 മരണം

എന്താണ് വെടിവെപ്പിന് കാരണമെന്നും ആരാണ് പിന്നിലെന്നും അന്വേഷിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.

മെക്‌സിക്കോയില്‍ മതപരമായ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 12 മരണം. മെക്‌സിക്കന്‍ സംസ്ഥാനമായ ഗ്വാനജൂവട്ടോയിലെ ഇരാപ്വാട്ടോ നഗരത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഇരുപത് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം.

ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആഘോഷ ചടങ്ങിന് നേര്‍ക്കാണ് വെടിവെപ്പുണ്ടായത്. രാത്രി വൈകിയും ആടിയും പാടിയും ആഘോഷത്തിലായിരുന്നു വിശ്വാസികള്‍. ഇതിനിടയിലാണ് അക്രമി വെടിയുതിര്‍ത്തത്. സംഭവത്തെ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെന്‍ബോം അപലപിച്ചു. എന്താണ് വെടിവെപ്പിന് കാരണമെന്നും ആരാണ് പിന്നിലെന്നും അന്വേഷിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ അടക്കം വെടിവെയ്പ്പിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. പാട്ടും നൃത്തവുമായി കൂടിയിരിക്കുന്നവര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാകുന്നതും, ആളുകള്‍ പലവഴിക്ക് ഓടിരക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. മെക്‌സിക്കോയിലെത്തന്നെ ഏറ്റവും സംഘര്‍ഷങ്ങള്‍ നിറഞ്ഞ പ്രദേശമാണ് ഗ്വാനജൂവട്ടോ. കഴിഞ്ഞ മെയ് മാസം, കാത്തോലിക്ക് ചര്‍ച്ചിന്റെ പരിപാടിക്ക് നേരെ നടത്തിയ ഒരു അക്രമി നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

facebook twitter