പാലക്കാട് കടകളില്‍ കയറി മോഷണം ; പിടിയിലായപ്പോള്‍ വിചിത്ര കാരണം പറഞ്ഞ് പ്രതി

05:32 AM Oct 27, 2025 |


പാലക്കാട് കപ്പൂരില്‍ കടകളില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതി പിടിയിലായപ്പോള്‍ പറഞ്ഞ മോഷണ കാരണം കേട്ട് പൊലീസ് അമ്പരന്നു. അവധിക്ക് സ്വന്തം നാട്ടില്‍ പോകുമ്പോള്‍ നാട്ടുകാര്‍ക്ക് സമ്മാനമായി നല്‍കാന്‍ വേണ്ടിയാണ് അണ്ടിപ്പരിപ്പും, സോപ്പും, ബിസ്‌കറ്റും അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് കൊല്‍ക്കത്ത സ്വദേശി അബൂ റയ്ഹാന്‍ (26) സമ്മതിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു കപ്പൂര്‍ കോഴിക്കര അങ്ങാടിയിലെ മൂന്ന് കടകളില്‍ മോഷണം നടന്നത്. പലചരക്ക് കടകളില്‍ നിന്ന് പണത്തിന് പുറമെ മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ വെളിച്ചെണ്ണ, അണ്ടിപ്പരിപ്പ്, സോപ്പ്, സിഗരറ്റ് പാക്കറ്റുകള്‍, ബിസ്‌കറ്റ്, മിഠായി എന്നിവയായിരുന്നു.


കടക്ക് മുകളില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സി സി ടി വി ദൃശ്യങ്ങളിലുള്ളത് അബൂ റയ്ഹാനാണെന്ന് തിരിച്ചറിഞ്ഞ പൊലീസ്, ഇയാള്‍ ബംഗാളിലേക്ക് പോയതായി മനസ്സിലാക്കി. തുടര്‍ന്ന് പാലക്കാട്, കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. മോഷ്ടിച്ച തൊണ്ടിമുതലുമായി ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് അബൂ റയ്ഹാനെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

'കൊല്‍ക്കത്തയിലെ വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ കയ്യില്‍ പണമില്ലായിരുന്നെന്നും, നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കാനാണ് അണ്ടിപ്പരിപ്പും, മിഠായിയും ബിസ്‌കറ്റുമൊക്കെ മോഷ്ടിച്ചതെന്നും' പ്രതി പോലീസിനോട് സമ്മതിച്ചു.