ഒട്ടേറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ഇന്ത്യന്‍ വംശജയായ കനേഡിയന്‍-അമേരിക്കന്‍ പോണ് താരമായിരുന്ന സണ്ണി ആ മേഖല ഉപേക്ഷിച്ച് ബോളിവുഡിലേക്ക് ചുവടുവെക്കുന്നത് 2012-ലാണ്. കേരളത്തില്‍ ഉള്‍പ്പെടെ വലിയ ആരാധകവൃന്ദമുള്ള സണ്ണി ലിയോണ്‍ ശരീരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
കുട്ടിക്കാലത്ത് തനിക്ക് തന്റെ കാലുകള്‍ ഇഷ്ടമല്ലായിരുന്നു എന്ന് സണ്ണി പറയുന്നു. ഇന്ത്യന്‍ വംശജയായ താന്‍ വെള്ളക്കാരുടെ നാട്ടില്‍ വെള്ളക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പഠിച്ചതിനാല്‍ ഉണ്ടായ അപകര്‍ഷതാബോധമാകാം അതിന് കാരണമെന്നും താരം പറയുന്നു. തന്റെ കാലുകള്‍ പുറത്ത് കാണിക്കാന്‍ പോലും ഇഷ്ടമല്ലായിരുന്നുവെന്നും സണ്ണി ലിയോണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
'കുട്ടിക്കാലത്ത് എന്റെ കാലുകള്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. തൊലിവെളുത്ത ഇന്ത്യക്കാരിയായ ഞാന്‍ വെള്ളക്കാരുടെ നാട്ടില്‍ അവര്‍ പഠിക്കുന്ന സ്കൂളില്‍ വെള്ളത്തലമുടിയുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം പഠിച്ചതാകാം അതിന് കാരണമെന്ന് ഞാന്‍ കരുതുന്നു. പഞ്ചാബിയായ എനിക്ക് കറുത്തിരുണ്ട് കട്ടിയുള്ള മുടിയായിരുന്നു. എന്റെ കാലുകള്‍ പുറത്ത് കാണിക്കാന്‍ പോലും എനിക്ക് മടിയായിരുന്നു.' -സണ്ണി ലിയോണ്‍ പറഞ്ഞു.
'വളരുന്തോറും 'ഏയ്, ഇത് അത്ര മോശമൊന്നുമല്ല' എന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഷോര്‍ട്ട്സുകളും ചെറിയ സ്കര്‍ട്ടുകളും ധരിക്കുന്നത് ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എന്റെ ശരീരത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്.' -ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സണ്ണി ലിയോണ്‍ തുടര്‍ന്ന് പറഞ്ഞു.
സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടും സണ്ണി ലിയോണ്‍ തുറന്നുപറഞ്ഞു. ഭൂരിഭാഗം ആളുകളും കാലത്തോട് പോരാടുന്നവരാണ്. പ്രായമാകുന്തോറും നിങ്ങള്‍ കണ്ണാടിയില്‍ കാണുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുമോ? നിങ്ങള്‍ക്ക് ഒരുകാര്യം മാറ്റണമെന്ന് തോന്നുന്നെങ്കില്‍ മാറ്റുക. ഇന്ജക്ഷന്, ഫില്ലറുകള്‍, ലേസര്‍ ചികിത്സ തുടങ്ങി നിങ്ങള്‍ക്ക് നല്ലതായി തോന്നുന്ന എന്തും, അത് നിങ്ങളെ സന്തോഷിപ്പിക്കുന്നെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യണം -സണ്ണി ലിയോണ്‍ പറഞ്ഞു.