കന്നഡ വിരുദ്ധരായ എല്ലാവരെയും എതിർക്കാൻ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

08:05 PM Nov 01, 2025 | Neha Nair

ബംഗളൂരു: ഹിന്ദിക്കും സംസ്കൃതത്തിനും ഗ്രാൻറ് അനുവദിച്ചപ്പോൾ മറ്റ് ഇന്ത്യൻ ഭാഷകളെ അവഗണിച്ചുവെന്ന് ബി.ജെ.പി സർക്കാരിനെതിരെ ആരോപണവുമായി സിദ്ധരാമയ്യ. സംസ്ഥാനത്തിൻറെ എഴുപതാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്നഡ വിരുദ്ധരായ എല്ലാവരെയും എതിർക്കാൻ സിദ്ധരാമയ്യ പ്രസംഗത്തിനിടെ ആഹ്വാനം ചെയ്തു. കേന്ദ്രത്തിന് സംസ്ഥാനം തങ്ങളുടെ വരുമാനത്തിൽ നിന്ന് 4.5 ലക്ഷം കോടി നൽകിയെങ്കിലും അതിൻറെ ചെറിയൊരു ഓഹരി മാത്രമാണ് തങ്ങൾക്ക് തിരികെ ലഭിച്ചതെന്ന് സിദ്ധരാമയ്യ പരാതിപ്പെട്ടു.

ഭാഷയോടുള്ള അവഗണനക്ക് പുറമേ സംസ്ഥാനത്തിൻറെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ടും കേന്ദ്രം നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന സർക്കാർ കന്നടയോട് രണ്ടാനമ്മയുടെ പെരുമാറ്റമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷും ഹിന്ദിയും കുട്ടികളുടെ കഴിവുകൾ ദുർബലപ്പെടുത്തുമെന്ന് പറഞ്ഞ സിദ്ധരാമയ്യ മാതൃഭാഷയിലുള്ള സ്കൂളുകൾ വേണമെന്നും ആവശ്യപ്പെട്ടു. വികസിത രാഷ്ട്രങ്ങളിലെ കുട്ടികൾ ചിന്തിക്കുന്നതും പഠിക്കുന്നതും അവരുടെ മാതൃഭാഷയിലാണെന്നും എന്നാൽ ഇവിടുത്തെ അവസ്ഥ നേരെ തിരിച്ചാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.