സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമി അഴിമതിക്കേസ് ; ലോകായുക്ത 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈകോടതി

09:15 AM Jan 16, 2025 | Neha Nair

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമി അഴിമതിക്കേസില്‍ ജനുവരി 27നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്തയോട് കര്‍ണാടക ഹൈകോടതി.

ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ കര്‍ണാടക ഹൈകോടതിയുടെ ധാര്‍വാഡ് ബെഞ്ചാണ് കേസ് അന്വേഷിക്കുന്ന മൈസൂരു ലോകായുക്ത പൊലീസിന് നിര്‍ദേശം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ രേഖകളും ഫയലുകളും വ്യാഴാഴ്ച ഹാജരാക്കാനും ഉത്തരവിട്ടു. ജനുവരി 27ന് കേസ് വീണ്ടും ഹൈകോടതി പരിഗണിക്കും.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരു നഗര വികസന അതോറിറ്റിയുടെ വിജയനഗര്‍ മൂന്ന്, നാല് സ്റ്റേജുകളിലെ 14 സൈറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ് ലോട്ട് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസരെയിലെ സര്‍വേ നമ്പര്‍ 464 ലെ 3.16 ഏക്കര്‍ ഭൂമിക്ക് പകരമായി 50:50 അനുപാതത്തിലാണ് ഈ സ്ഥലങ്ങള്‍ അനുവദിച്ചത്.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മൈസൂരുവിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്‌നേഹമയി കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ ഹൈകോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

സെപ്റ്റംബര്‍ 27നാണ് ഹര്‍ജി സമര്‍പ്പിച്ചത്. തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളി. തുടര്‍ന്ന്, മൈസൂരു ലോകായുക്ത എസ്.പി ടി.ജെ. ഉദേഷിനോട് സിദ്ധരാമയ്യ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന മുഡ ക്രമക്കേടുകള്‍ അന്വേഷിക്കാനും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകള്‍ കൈാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.

മുഡ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലോകായുക്തയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഡിസംബര്‍ 19ന് ജസ്റ്റിസ് നാഗപ്രസന്ന സ്റ്റേ ചെയ്തിരുന്നു. ജനുവരി 28നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു അന്ന് ഹൈകോടതി നിര്‍ദേശിച്ചത്.

ബുധനാഴ്ച ഹരജി പരിഗണിക്കവെ, ജസ്റ്റിസ് നാഗപ്രസന്ന ഇടക്കാല സ്റ്റേ നീക്കി, മുഡ കേസില്‍ അന്വേഷണം പുനരാരംഭിക്കാന്‍ ലോകായുക്ത പൊലീസിനോട് നിര്‍ദേശിച്ചു. ലോകായുക്ത പൊലീസിന്റെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അന്വേഷണം നിരീക്ഷിക്കണമെന്നും ഈ മാസം ജനുവരി 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിടുകയായിരുന്നു.