കൊൽക്കത്ത: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന (എസ്.ഐ.ആർ) പൂർത്തിയായ പശ്ചിമബംഗാളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 58,20,898 പേർ പുറത്ത്. മരണം, കുടിയേറ്റം, എന്യൂമറേഷൻ ഫോം തിരിച്ചുനൽകാത്തത് തുടങ്ങിയവയാണ് വോട്ടർമാർ ഒഴിവാകാനുള്ള കാരണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെ പ്രമുഖർ മത്സരിക്കുന്ന നിരവധി നിയമസഭാ മണ്ഡലങ്ങളിൽ വൻതോതിൽ വോട്ടർമാരെ ഒഴിവാക്കിയിട്ടുണ്ട്. നവംബർ നാലുമുതൽ ഡിസംബർ 11 വരെയാണ് സംസ്ഥാനത്ത് എസ്.ഐ.ആർ നടത്തിയത്.
കരട് പട്ടികയിൽ സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽനിന്ന് 7.08 കോടിയായി കുറഞ്ഞു. മരിച്ചവരെന്ന് കണ്ടെത്തിയ 24,16,852 വോട്ടർമാരെയും സ്ഥിരമായി താമസം മാറ്റിയ 19,88,076 പേരെയും കണ്ടെത്താൻ കഴിയാത്ത 12,20,038 പേരെയും ഒന്നിൽക്കൂടുതൽ മണ്ഡലങ്ങളിൽ പേരുള്ള 1.38 ലക്ഷം പേരെയും വ്യാജ വോട്ടർമാരെന്ന് കണ്ടെത്തിയ 1,83,328 പേരെയുമാണ് ഒഴിവാക്കിയതെന്ന് കടര് വോട്ടർപട്ടികയിൽ വ്യക്തമാക്കുന്നു.
വോട്ടർപട്ടികയിൽനിന്ന് പുറത്തായവരുടെ പരാതി കേൾക്കാൻ ഒരാഴ്ചക്കുള്ളിൽ തെളിവെടുപ്പ് ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. പട്ടികയിൽനിന്ന് പേര് വെട്ടിയവരുടെയും പട്ടികയിൽ ഉൾപ്പെട്ടെങ്കിലും എന്യൂമറേഷൻ ഫോമിൽ പൊരുത്തക്കേടുള്ളവരുടെയും പരാതികൾ തെളിവെടുപ്പിൽ പരിഗണിക്കും. 2002ലെ വോട്ടർപട്ടികയുമായി ഒത്തുനോക്കുമ്പോൾ പേരിൽ വ്യത്യാസമുള്ള 85 ലക്ഷത്തോളം എന്യൂമറേഷൻ ഫോമുകളും കമീഷന് ലഭിച്ചിട്ടുണ്ട്. ഇവരെയും തെളിവെടുപ്പിന് വിളിപ്പിക്കും.
ആകെ എത്രപേരെയാണ് തെളിവെടുപ്പിന് വിളിപ്പിക്കുകയെന്നതിൽ വ്യക്തതയില്ലെങ്കിലും എണ്ണം രണ്ട് കോടിക്കടുത്ത് വരുമെന്ന് കമീഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ മണ്ഡലമായ ഭബാനിപൂരാണ് എസ്.ഐ.ആർ പ്രതികൂലമായി ബാധിച്ച മണ്ഡലങ്ങളിലൊന്ന്. ഇവിടെ കരട് പട്ടികയിൽ 44,787 പേരെ വെട്ടിമാറ്റി. തൃണമൂൽ കോൺഗ്രസ് എം.എൽ.എ നയന ബന്ദോപാധ്യായ പ്രതിനിധീകരിക്കുന്ന വടക്കൻ കൊൽക്കത്തയിലെ ചൗരിംഗീയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയത് -74,553.
ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ചേർന്നുള്ള ഗൂഢാലോചനയാണ് വെട്ടിനിരത്തലിന് പിന്നിലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.