
കൽപറ്റ: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ നടപ്പാക്കാനുള്ള തീരുമാനത്തിൽ രൂക്ഷ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. എസ്.ഐ.ആർ ജനാധിപത്യ വിരുദ്ധ നീക്കമെന്ന് പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പിനെ ചതിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്ത് എവിടെ എസ്.ഐ.ആർ നടപ്പാക്കാൻ ശ്രമിച്ചാലും അതിശക്തമായി എതിർക്കുമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഒക്ടോബർ 28 മുതലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) രാജ്യത്ത് ആരംഭിച്ചത്. ബിഹാറിന് ശേഷം രാജ്യവ്യാപകമായുള്ള രണ്ടാംഘട്ടത്തിൽ കേരളത്തിന് പുറമെ ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, അന്തമാൻ- നികോബാർ, ഛത്തിസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് എസ്.ഐ.ആർ നടപ്പാക്കുന്നത്.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അസം ഒഴികെയുള്ള സംസ്ഥാനങ്ങൾ ഇതിലുൾപ്പെടും. അസമിന് മാത്രമായി വേറെ പൗരത്വ നിയമമുള്ളത് കൊണ്ടും പൗരത്വ പട്ടിക (എൻ.ആർ.സി) വിഷയം സുപ്രീംകോടതിയിലായതിനാലും അസമിനെ മാത്രം രാജ്യവ്യാപകമായുള്ള എസ്.ഐ.ആറിൽ നിന്ന് ഒഴിവാക്കി.
ഒക്ടോബർ 28 മുതൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന 2026 ഫെബ്രുവരി ഏഴുവരെ മൂന്ന് മാസത്തിലധികം പ്രക്രിയ നീണ്ടുനിൽക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ നിലവിലുള്ള കേരളത്തിലെ വോട്ടർ പട്ടിക തിങ്കളാഴ്ച അർധരാത്രിയോടെ മരവിപ്പിച്ചു. ഇനി എസ്.ഐ.ആറിൽ പേര് ചേർക്കുന്നവർ മാത്രമേ വോട്ടർമാരായി നിലനിൽക്കൂ. ബിഹാറിൽ എസ്.ഐ.ആർ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ജൂൺ ആറിന് പുറത്തിറക്കിയ ഉത്തരവ് ആധാരമാക്കിയാണ് രാജ്യവ്യാപകമായി എസ്.ഐ.ആർ നടപ്പാക്കുന്നത്.
2002ലെ വോട്ടർപട്ടികയിൽ ഇല്ലെങ്കിൽ പൗരത്വം തെളിയിക്കണം. അവസാനമായി എസ്.ഐ.ആർ നടന്ന 2002-04 കാലയളവിലെ വോട്ടർപട്ടിക ആധാരമാക്കിയാകും വോട്ടവകാശം അനുവദിക്കുക. കേരളത്തിൽ 2002ലായിരുന്നു എസ്.ഐ.ആർ നടത്തിയത്. അന്നത്തെ വോട്ടർപട്ടികയിൽ പേരുള്ളവർക്കും അവരുടെ മക്കൾക്കും രേഖകളൊന്നും സമർപ്പിക്കാതെ പേര് ചേർക്കാം. എന്നാൽ, സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ 2002ലെ പട്ടികയിലില്ലാത്തവർ തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ കമീഷൻ പറയുന്ന 12 രേഖകളിൽ ഒന്ന് സമർപ്പിച്ചാൽ മാത്രമേ വോട്ടവകാശം പുനഃസ്ഥാപിക്കുകയുള്ളൂ.