ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സിത്താരേ സമീൻ പർ ബോക്സ് ഓഫിസിൽ കുതിക്കുകയാണ്. ഇന്ത്യയിൽ ചിത്രം 120 കോടി കടന്നതായാണ് റിപ്പോർട്ടുകൾ. മാ, കണ്ണപ്പ തുടങ്ങിയ പുതിയ റിലീസുകൾ തിയേറ്ററുകളിൽ എത്തിയിട്ടുണ്ടെങ്കിലും ചിത്രം ഓരോ ദിവസവും കളക്ഷൻ വാരികൂട്ടുകയാണ്. ഹൃദയസ്പർശിയായ ചിത്രം കാണാൻ പ്രേക്ഷകർ ഇപ്പോഴും വലിയ തോതിൽ എത്തുന്നുണ്ട്.
ചിത്രത്തെ പ്രശംസിച്ച് ശശി തരൂർ എം.പി രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ മാറ്റുന്ന ചിത്രമാണെന്ന് തരൂർ പറഞ്ഞു. രാഷ്ട്രീയനേതാക്കൾക്കായി ഒരുക്കിയ പ്രത്യേക ഷോയിൽ ശശി തരൂരിനൊപ്പം ആമിർ ഖാനും സിനിമ കാണാനെത്തിയിരുന്നു.
'വളരെ വളരെ ഇഷ്ടപ്പെട്ടു. ഇമോഷണൽ സിനിമയാണ്. നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. ആരും ഇരുന്നിടത്തു നിന്നും അനങ്ങിയത് പോലുമില്ല. ആമിറിൽ നിന്നും നല്ല പ്രകടനം മാത്രമാണ് പ്രതീക്ഷിച്ചത്. അതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഫസ്റ്റ് ക്ലാസ് ആക്ടിങ്ങാണ്. കാരക്ടറിലുണ്ടായ മാറ്റം അദ്ദേഹത്തിന്റെ മുഖത്തു നിന്നും വായിച്ചെടുക്കാം. ഇതൊരു സ്പാനിഷ് സിനിമയുടെ കഥയാണെന്നാണ് ആമിർ പറഞ്ഞത്. വളരെ നന്നായി എഴുതിയ കഥയാണ്. കാണുന്നവർ സിനിമ ആസ്വദിക്കുക മാത്രമല്ല, അവർ പലതും പഠിക്കും. മാറിയ മനസ്സുമായിട്ടാകും സിനിമ വിടുക' എന്ന് ശശി തരൂർ പറഞ്ഞു.
ജൂൺ 20 നായിരുന്നു ചിത്രം ബോക്‌സ് ഓഫീസിലേക്ക് എത്തിയത്. സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. സെൻസർ ബോർഡ് നിർദേശങ്ങൾ സ്വീകരിക്കാൻ ആമിർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തയാറാകാതിരുന്നത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് കാരണമായിരുന്നു.
സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിത്താരേ സമീൻ പർ'. ദർശീൽ സഫാരിയെ ‘താരെ സമീൻ പറി’ൽ നായകനായി അവതരിപ്പിച്ചപ്പോൾ, സിത്താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് ആമിർ ഖാൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചത്.
അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യില്ല.