സ്കൈപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപനം

06:50 PM May 03, 2025 | Neha Nair

മൈക്രോസോഫ്റ്റ് തങ്ങളുടെ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. മെയ് 5 ന് ശേഷം സ്കൈപ്പ് ലഭ്യമാകില്ലെന്ന് ആണ് കമ്പനി അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കോളിംഗ്, സ്കൈപ് നമ്പറുകൾ, വോയ്‌സ്‌മെയിൽ തുടങ്ങിയ പണമടച്ചുള്ള സവിശേഷതകൾ എല്ലാം തന്നെ ഈ വർഷം ആദ്യം മുതൽ സ്കൈപ് നിർത്തലാക്കിയിരുന്നു.

അതേസമയം പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുന്നതിലൂടെ ഒരു യുഗത്തിന് തന്നെയാണ് അന്ത്യം സംഭവിക്കൻ പോകുന്നത്. 2003 ൽ ആരംഭിച്ച സ്കൈപ്പ് ജനപ്രിയമായ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്നു. ഉപയോക്താക്കളിൽ ഭൂരിഭാഗവും പുതുതലമുറ ആപ്പുകളിലേക്ക് മാറിയതോടെയാണ് സ്കൈപ് അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ടീം മീറ്റിംഗുകൾക്കും കോളുകൾക്കും മറ്റൊരു പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നുണ്ട്.

മൈക്രോസോഫ്റ്റിന്റെ പുതിയതും കൂടുതൽ ശക്തവുമായ ആശയവിനിമയ മാർഗമായ ‘മൈക്രോസോഫ്റ്റ് ടീംസ്’ ആണ് സ്കൈപ്പിന് പകരക്കാരനായി എത്തുന്നത്. സ്കൈപ്പ് നിർത്തലാക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം അതിന്റെ ഉപഭോക്തൃ ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ ഏകീകരിക്കുന്നതിനും മൈക്രോസോഫ്റ്റ് ടീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ്.