നൈറ്റ് ഡ്യൂട്ടിക്കിടെ ഉറക്കം; പെരുമ്പാവൂരിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

09:06 AM Jun 27, 2025 |


പെരുമ്പാവൂര്‍: നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29-നാണ് ആരോപണത്തിനിടയാക്കിയ സംഭവം.

29-ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ സമയം കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു.

രണ്ടാഴ്ചമുന്‍പ് സ്റ്റേഷനില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി. ഇയാളെ പിന്നീട് പിടികൂടിയെങ്കിലും സംഭവത്തില്‍ ചുമതലയിലുണ്ടായിരുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. രണ്ടുമാസങ്ങള്‍ക്കുമുന്‍പ് പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ച സംഭവത്തില്‍ എഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.