വിഷപ്പാമ്പ് കടിച്ചതിനെത്തുടര്‍ന്ന് വിരല്‍ മുറിച്ചെടുത്ത ശേഷം സ്വയം ആശുപത്രിയിലെത്തി യുവാവ്. മധ്യപ്രദേശിലെ പന്നയിലെ സിദ്ധ്പൂരില്‍ അജയ്ഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. 32 കാരനായ രാംകിഷോര്‍ ധീരവ് എന്നയാളാണ് മുറിച്ചെടുത്ത വിരല്‍ പ്ലാസ്റ്റിക് ബാഗിലിട്ട് ആശുപത്രിയിലെത്തിയത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് ഇയാളുടെ വിരലില്‍ പാമ്പ് കടിച്ചത്.
തുടര്‍ന്ന് വിഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനാണ് രാംകിഷോര്‍ സ്വന്തം വിരല്‍ മുറിച്ചെടുത്തത്. തുടന്ന് സ്വന്തം ഗ്രാമത്തില്‍ നിന്ന് 32 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ചാണ് ഇയാള്‍ ആശുപത്രിയിലെത്തുകയായിരുന്നു.
'വീട് നന്നാക്കുന്ന ജോലിയിലായിരുന്നു ഞാന്‍, പാമ്പിന്റെ സാന്നിധ്യത്തെക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ലായിരുന്നു. പാമ്പ് എന്നെ കടിച്ചു. വിഷം പടരാതിരിക്കാന്‍ ഞാന്‍ തന്നെ എന്റെ വിരല്‍ മുറിച്ചുമാറ്റി', രാംകിഷോര്‍ പറഞ്ഞു.
രാംകിഷോര്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.