'ആര്‍എസ്എസ്സിനെ ക്രിമിനലിസം പഠിപ്പിച്ച മാസ്റ്റര്‍, സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിനുറുക്കി, കൊലപാതക രാഷ്ട്രീയത്തിന്റെ ബുദ്ധികേന്ദ്രം', സദാനന്ദന് എങ്ങനെ രാജ്യസഭാ അംഗത്വം കിട്ടിയെന്ന് ചോദ്യം

07:05 PM Jul 14, 2025 |


കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് സി സദാനന്ദനെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. കല, കായികം, സാമൂഹ്യ സേവനം, പാണ്ഡത്യം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനായി സംഭാവന നല്‍കിയവര്‍ക്കുള്ള ബഹുമാനാര്‍ത്ഥമാണ് രാഷ്ട്രപതി നാമ നിര്‍ദ്ദേശം നല്‍കുക പതിവ്. എന്നാല്‍, കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒരാളായ സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ചോദ്യം ഉയരുന്നത്.

രാജ്യംകണ്ട ഒട്ടേറെ പ്രശസ്തരെ എംപിമാരായി നോമിനേറ്റ് ചെയ്തിട്ടുണ്ട്. 1952 മുതല്‍ 149 പേരെ ഇത്തരത്തില്‍ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു. പ്രശസ്തനല്ലാത്ത ഒരു വ്യക്തിയെ ആര്‍എസ്എസ് നിര്‍ദ്ദേശ പ്രകാരം എംപിയാക്കുന്നത് ഇതാദ്യമായാണ്.

1959 ഓഗസ്റ്റ് 25ന് രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട സര്‍ദാര്‍ കെ.എം.പണിക്കരാണ് ഈ പദവിയില്‍ കേരളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ട ആദ്യത്തെയാള്‍. 1968-ല്‍ മഹാകവി ജി.ശങ്കരകുറുപ്പിനേയും രാജ്യസഭയിലേയ്ക്ക് രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. കാര്‍ട്ടൂണിസ്റ്റ് അബു എഹ്രബാം, ഡോ. കസ്തൂരി രംഗന്‍, ഡോ. എംഎസ് സ്വാമിനാഥന്‍ എന്നിവരും കേരളത്തില്‍ നിന്നും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യപ്പെട്ട് മുന്‍കാലങ്ങളില്‍ രാജ്യസഭയില്‍ എത്തിയതാണ്.

കൊലപാതക കേസിലെ മുഖ്യ പ്രതിയായിരുന്ന വ്യക്തിയാണ് കഴിഞ്ഞദിവസം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സി സദാനന്ദന്‍. സിപിഎം പ്രവര്‍ത്തകനായ കല്ലുകൊത്ത് തൊഴിലാളി ജനാര്‍ദ്ദനനെ വെട്ടിനുറുക്കി ജീവച്ഛവമാക്കിയ കേസിലെ പ്രധാന പ്രതിയായിരുന്ന സദാനന്ദന്‍ കണ്ണൂരിലെ ആര്‍എസ്എസ് കൊലപാതക രാഷ്ട്രീയത്തിന്റെ പ്രധാന ആസൂത്രകനായാണ് വിലയിരുത്തപ്പെടുന്നത്.

കുഴിക്കല്‍ എല്‍പി സ്‌കൂള്‍ താല്‍ക്കാലിക അധ്യാപകനും ആര്‍എസ്എസ് ജില്ല സഹകാര്യവാഹകുമായിരിക്കെ ബാലഗോകുലം പരിപാടിക്കും ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കും രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികളെ കൊണ്ടുപോയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജനാര്‍ദ്ദനെതിരെ അക്രമം നടന്നത്. ഈ സംഭവമാണ് കുപ്രസിദ്ധമായ കണ്ണൂരിലെ ആര്‍എസ്എസ് സിപിഎം കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത് എന്നുപറയാം.

അച്ഛനമ്മമാരുടെ മുന്നിലിട്ട് എസ്എഫ്ഐ നേതാവ് കെ വി സുധീഷിനെ 1994 ജനുവരി 26ന് അര്‍ധരാത്രി ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന സംഭവത്തിലും സദാനന്ദന്റെ നിര്‍ദ്ദേശമുണ്ടായിരുന്നതായി ആരോപണമുണ്ട്.

ഭരണഘടനയുടെ നാലാം ഷെഡ്യൂളിലെ അനുഛേദം 80 പ്രകാരം രാജ്യസഭയിലേക്ക് 12 വിശിഷ്ട വ്യക്തികളെ നാമനിര്‍ദേശം ചെയ്യാന്‍ രാഷ്ട്രപതിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് സദാനന്ദനെ പോലെ ഒരു വ്യക്തിയ രാജ്യസഭയിലെത്തിക്കുമ്പോള്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.