സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചു; സോഷ്യൽ മീഡിയ താരം പീനട്ട് അണ്ണാന്‌ ദയാവധം

07:46 PM Jan 12, 2025 | Litty Peter

വാഷിങ്ടണ്‍: സോഷ്യൽ മീഡിയയിൽ താരമായ പീനട്ട്‌ എന്ന്‌ വിളിപ്പേരുള്ള അണ്ണാനെ ദയാവധത്തിന്‌ വിധേയയമാക്കി. പരിസ്ഥിതി സംരക്ഷണ വകുപ്പിനു ലഭിച്ച അജ്ഞാതപരാതികളാണ് ‘പീനട്ടി’നു വിനയായത്. മനുഷ്യരെ കടിച്ചാൽ പേവിഷബാധയുണ്ടാകുമെന്നായിരുന്നു പരാതി. 

അതേസമയം പിടികൂടുന്നതിനിടെ സര്‍ക്കാര്‍ അധികൃതരിലൊരാളെ ‘പീനട്ട്’ കടിക്കുകയും ചെയ്തു. ഒടുവിൽ പേവിഷബാധയുണ്ടോയെന്നു സ്ഥിരീകരിക്കാൻ ദയാവധം നടത്തുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.

ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് പീനട്ടിനെ മാർക്ക് ലോങ്ങോ എന്നയാൾ എടുത്തു വളര്‍ത്തിയത്. peanut_the_squirrel12 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കപെടാറുള്ള പീനട്ടിന്റെ രസികന്‍ വീഡിയോകളും ചിത്രങ്ങളും ആരാധകരുടെ മനസ്സു കീഴടക്കിയിരുന്നു.

ലോകമൊട്ടാകെ നിരവധി ആരാധകരുള്ള പീനട്ടിന് ഇന്‍സ്റ്റഗ്രാമില്‍ 537,000 ഫോളോവേഴ്‌സുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് പീനട്ടിന് അന്ത്യാഞ്ജലി നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നത്.