തന്റെ വോട്ട് മറ്റൊരാള്‍ ചെയ്തെന്ന ആരോപണവുമായി യുവാവ് രംഗത്ത്. കൊച്ചി നഗരസഭയിലെ 27-ാം ഡിവിഷനിലാണ് സംഭവം. താന്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റൊരോ വോട്ട് ചെയ്തുപോയെന്നാണ് യുവാവിന്റെ ആരോപണം. ജെയ്സണ്‍ സെബാസ്റ്റ്യന്‍ എന്ന യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്.
തിരിച്ചറിയല്‍ രേഖ നല്‍കി മാര്‍ക്ക് ചെയ്തപ്പോള്‍ വോട്ട് ചെയ്യരുതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി യുവാവ് പറയുന്നു. കാരണം ചോദിച്ചപ്പോള്‍ തന്റെ പേരില്‍ വോട്ട് ചെയ്തുപോയതാണെന്നായിരുന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. താന്‍ എത്തുന്നതിന് വളരെ മുന്‍പ് വോട്ട് ചെയ്തുപോയി. പ്രായമുള്ള ആളാണ് വോട്ട് ചെയ്തതെന്നാണ് അറിയുന്നതെന്നും യുവാവ് പറഞ്ഞു.
താന്‍ ഈ നാട്ടുകാരനാണ്. പ്രദേശത്തുള്ള എല്ലാവര്‍ക്കും തന്നെ അറിയാം. ഒരാള്‍ക്ക് തെറ്റുപറ്റി എന്നുപറഞ്ഞാല്‍ മനസിലാക്കാം. എന്നാല്‍ ആ ബൂത്തിലെ ഏഴോളം പേര്‍ക്ക് തെറ്റുപറ്റി എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റില്ല. ഐഡി കാര്‍ഡിലും വോട്ടര്‍ സ്ലിപ്പിലും അടക്കം തന്റെ ഒരേ ഫോട്ടോയാണുള്ളത്. എന്നാല്‍ വോട്ട് ചെയ്ത ആള്‍ ഇട്ട ഒപ്പ് തന്റേതല്ല. എങ്ങനെ തെറ്റുപറ്റിയെന്ന് മനസിലാകുന്നില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ചെന്നും യുവാവ് പറയുന്നു.