പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ നിരവധി സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ പരിഹാസവുമായി സൗമ്യ സരിൻ. 'മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്, അല്ലേ?' എന്നായിരുന്നു സൗമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ പി സരിനും രാഹുലിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ആ തെമ്മാടി പാർട്ടിയിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടത് എന്നും ഇതിനെല്ലാം ഒത്താശ ചെയ്യുന്നവർ ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും അതെന്നുമാണ് സരിൻ ചോദിച്ചത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥയായി രാഹുലിനെതിരെ മത്സരിച്ച നേതാവായിരുന്നു സരിൻ. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ, കോൺഗ്രസിൽ നിന്ന് രാജിവെച്ച് സരിൻ സിപിഐഎമ്മിലേക്കെത്തുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ നടപടിയാവശ്യം കോൺഗ്രസിനുള്ളിൽ തന്നെ ശക്തമാണ്. അടിയന്തര നടപടി വേണമെന്ന് ഹൈക്കമാൻഡിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി വൈകുംതോറും അത് പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനിടെ കോൺഗ്രസിലെ വനിതാ നേതാക്കളും രാഹുലിനെതിരെ രംഗത്തുവന്നിരുന്നു.
പ്രസിഡന്റ് തെറ്റുകാരനല്ലെങ്കിൽ കൃത്യമായി മറുപടി കൊടുക്കുകയും നിയമപരമായി മുന്നോട്ടുപോവുകയും വേണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ഇത്തരമൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ കേസ് കൊടുക്കണമെന്നും ആർ വി സ്‌നേഹ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വെയിറ്റ് ആൻഡ് സീ എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്.