പ്രണയിക്കുന്നവർ പോയാൽ പിരിയുമെന്ന് വിശ്വാസം , ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം ; അറിയാമോ റീൽസുകളിൽ തരംഗമായ ഈ സ്ഥലം ?

07:00 PM Sep 09, 2025 | Kavya Ramachandran

ചോളരാജവംശത്തിലെ പ്രമുഖനായ രാജരാജചോഴൻ എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം  പൂർത്തിയായത് 1013-ലാണ്.പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. പറഞ്ഞു വരുന്നത് തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ലയിലെ  ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ചാണ്

ശിവനാണ് പ്രധാനപ്രതിഷ്ഠ. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരുവുടയാർ കോവിൽ, പെരിയ കോവിൽ, രാജരാജേശ്വരം കോവിലെന്നും ഇത് അറിയപ്പെടുന്നു.

ക്ഷേത്രചുവരുകളിലെ കൊത്തു പണികളിലും ചോളരാജാക്കന്മാ൪ നടത്തിയ വീരസാഹസിക പോരാട്ടങ്ങളും അവരുടെ കുടുംബ പരമ്പരയും വിഷയമാകുന്നു. 

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നത്. 81 ടണ്‍ ഭാര മുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ ഉച്ച സമയത്ത് നിലത്ത് വീഴില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല. 

നിറയെ ശില്പങ്ങൾ കൊത്തിയ രണ്ട് ഗോപുരങ്ങൾ പിന്നിട്ടുവേണം ക്ഷേത്ര വളപ്പിലേക്ക് കടക്കാൻ. ദേവീദേവന്മാരും രാജാക്കന്മാരും സാധാരണ മനുഷ്യരും രതിശില്പങ്ങളും ഇതിലുണ്ട്. അഞ്ചുനിലകളുള്ള ആദ്യഗോപുരത്തിന്റെ പേര് കേരളാന്തകൻ തിരുവയൽ എന്നാണ്. 


ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാനക്ഷേത്രത്തിന് വടക്ക്  ചണ്ഡികേശ്വരന്റെ പ്രതിഷ്ഠയാണ്. പെരിയനായകി അമ്മാൾ ക്ഷേത്രവും അടുത്തുണ്ട്. ഗണപതി, മുരുകൻ, സൂര്യൻ, ചന്ദ്രൻ, അഷ്ടദിക്പാലകർ, അഗ്നി, ഇന്ദ്രൻ, വായു, യമൻ, കുബേരൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെയുണ്ട്. 

ശിവരാത്രി, നവരാത്രി, പഞ്ചമി,  പ്രദോഷം, അഷ്ടമി, പൗർണമിയും എല്ലാം ഇവിടെ വിശേഷ ദിവസങ്ങളാണ്. ബൃഹദേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് തന്നെ പുണ്യമാണെന്ന് പറയപ്പെടുന്നു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4 മുതൽ മുതൽ 8.30 വരെ യും ആണ് ദർശന സമയം. 


ഏപ്രിൽ മേയ് മാസങ്ങളിലായി 18 ദിവസം നീണ്ടുനിൽക്കുന്ന ചിത്തിരൈ ബ്രഹ്മോത്സവമാണ് ഇവിടത്തെ പ്രധാന ഉത്സവം. 

ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. 


യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളിൽ ഉള്‍പ്പെടുന്നതാണ് തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലും ഉൾപ്പെട്ട ഈ ക്ഷേത്രം ചോളകാല തമിഴ് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ്.