+

പഠനകാലയളവിൽ സ്വയം പര്യാപ്ത തലമുറയെ വാർത്തെടുക്കാൻ സാധിക്കണം : സ്പീക്കർ എ.എൻ ഷംസീർ

 പഠനകാലയളവിൽ വരുമാനം നേടുന്ന നിലയിലുള്ള സ്വയം പര്യാപ്തമായ തലമുറയെ വാർത്തെടുക്കാൻ സമൂഹത്തിന് സാധിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ.

പാലക്കാട് :  പഠനകാലയളവിൽ വരുമാനം നേടുന്ന നിലയിലുള്ള സ്വയം പര്യാപ്തമായ തലമുറയെ വാർത്തെടുക്കാൻ സമൂഹത്തിന് സാധിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മലമ്പുഴ ഗവ ഐ ടി ഐയിലെ കെട്ടിടത്തിന്റെയും, വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ ജില്ലയിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം നടപ്പിലാക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന ആർ ഐ സെന്ററിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ. വിദ്യാർത്ഥികൾ തൊഴിൽ അന്വേഷകരായി മാറാതെ തൊഴിൽ ദാതാക്കളായി മാറാൻ പരിശ്രമിക്കണമെന്നും, അതിനുവേണ്ടി പരിശീലനം നൽകാൻ അധ്യാപകർ മുൻകൈ എടുക്കണമെന്നും വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം വലിയ രീതിയിലുള്ള നേട്ടമാണ് കൈവരിച്ചിട്ടുള്ളതെന്നും സ്പീക്കർ പറഞ്ഞു.

  അധ്യക്ഷനായ പൊതു വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു. സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയർത്തുന്നതിലൂടെ വിദ്യാർഥികൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടി പരിശീലനം പൂർത്തിയാക്കുന്നതിനും മികച്ച തൊഴിൽ കണ്ടെത്തുന്നതിനും കഴിയുമെന്ന് മന്ത്രി  പറഞ്ഞു. മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ മുഖ്യാതിഥിയായി. കെ എ എസ് ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി.വി വിനോദ്, പി ഡബ്ല്യു ഡി ബിൽഡിംഗ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റെക്‌സ് ഫെലിക്‌സ് എന്നിവർ റിപ്പോർട്ട് അവതരണം നടത്തി. 

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, മെമ്പർമാരായ കാഞ്ചന സുദേവൻ, തോമസ് വാഴപ്പിള്ളി, ബി.ബിനോയ്, വ്യവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ മിനി മാത്യു, ജോയിന്റ് ഡയറക്ടർ ഷമ്മി ബേക്കർ, പി വാസുദേവൻ, ട്രെയിനിങ് ഓഫീസർ കെ.പി സാദത്ത്, പി ടി എ പ്രസിഡന്റ് സുനിൽ രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ലിസി എം സേവ്യർ, ട്രെയിനിങ് കൗൺസിൽ ചെയർമാൻ യു.കെ സൂരജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ ടി ഐ പ്രിൻസിപ്പാൾ എ. രാജേഷ് നന്ദി അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ - സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 

facebook twitter