
മസ്ക്കുലാർ ഡിസ്ട്രോഫി ബാധിതയായ 32-കാരിയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി.തൃശൂർ, തളിക്കുളം, ആസാദ് നഗർ പണിക്കവീട്ടിലെ അനീഷ അഷ്റഫിനാണ് 10ാം ക്ലാസ്സ് തുല്യത പരീക്ഷയുൾപ്പെടെയുളള സമാന പരീക്ഷകൾ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക സൗകര്യം നൽകണമെന്ന അവരുടെ അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്.
ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്നു എഴുതി പാസായിരുന്നു. ഒരു വർഷം മുമ്പ് നടന്ന നവകേരള സദസ്സിൽ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും താനുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾ അനുഭവിക്കുന്ന വേദനകൾ അനീഷ പങ്കുവെച്ചിരുന്നു. ഒരു മാസം മുമ്പ് 'സി എം വിത്ത് മീ' യിലും പരാതി നൽകി. നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നൽകിയ ഉറപ്പിനെ തുടർന്ന് സാക്ഷരത മിഷൻ നടത്തുന്ന 10ാം ക്ലാസ് തത്തുല്യ യോഗ്യത പരീക്ഷക്ക് കഴിഞ്ഞ 16 മാസമായി അനീഷ തയ്യാറെടുത്തു വരികയാണ്. തുല്യത പരീക്ഷ നവംബർ 8 നാണ് തുടങ്ങുന്നത്.
‘ഒരുപാട് സന്തോഷമായി. അത്ര ആശിച്ചു പഠിച്ചു തുടങ്ങിയതാണ്. സർക്കാരിന് ഒരുപാട് നന്ദി’, അനീഷ ആഹ്ലാദത്തോടെ പ്രതികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അനീഷയെ വീഡിയോ കോളിൽ വിളിച്ചു സംസാരിച്ചു.എട്ടാം വയസിലാണ് അനീഷയ്ക്ക് രോഗം പിടിപെടുന്നത്. 11 വയസായപ്പോഴേക്കും നടക്കാൻ കഴിയാതാവുകയും പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. 2021 ലെ ലോകഭിന്നശേഷി ദിനത്തിൽ സാമൂഹ്യ നീതി വകുപ്പ് നടത്തിയ 'ഉണർവ്വ്' ഓൺലൈൻ കഥാരചന മത്സരത്തിൽ അനീഷയ്ക്കായിരുന്നു ഒന്നാം സ്ഥാനം. 2023 ലെ സംസ്ഥാന ഭിന്നശേഷി അവാർഡും അവർക്ക് ലഭിച്ചിരുന്നു.
അനീഷയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽ വെച്ച് എഴുതാൻ അനുമതി ലഭ്യമാക്കണമെന്ന് തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസറും ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറും ശിപാർശ നൽകിയിരുന്നു. ഉത്തരവ് പ്രകാരം വീട്ടിലെ ഒരു മുറി പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കും. മുറിയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ പാടുള്ളൂ. പരീക്ഷ നടത്തുന്നതിന്റെ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടത് പരീക്ഷാഭവൻ സെക്രട്ടറിയാണ്.