ജറുസലം: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ (61) വധിച്ചത് ഇസ്രയേലാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊല്ലപ്പെട്ട ശേഷം ഇതേ കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ തയാറായിരുന്നില്ല.
ഹമാസിന്റെയും ലെബനന്‍ സായുധ സംഘമായ ഹിസ്ബുള്ളയുടെയും നേതാക്കളെ വധിച്ചതും സിറിയയിലെ ബഷാര്‍ അല്‍ അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിച്ചതും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതും ഇസ്രയേലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ നേതൃനിരയ്ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്നും കട്‌സ് മുന്നറിയിപ്പ് നല്‍കി.
ടെഹ്‌റാന്‍, ഗാസ, ലെബനന്‍ എന്നിവിടങ്ങളില്‍ ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ, ഉന്നത നേതാവ് യഹ്യ സിന്‍വര്‍, ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല എന്നിവരോട് ചെയ്തതിന് സമാനമായി അല്‍ ഹുദൈദ്, സന എന്നിവിടങ്ങളിലും നടപടി സ്വീകരിക്കുമെന്ന് കട്‌സ് വ്യക്തമാക്കി.