സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ തിരഞ്ഞെടുത്തു. എസ് എൻ ഡി പി യോഗം മുൻ പ്രസിഡണ്ട് അഡ്വ സി.കെ വിദ്യാസാഗർ ചെയർമാനും മുൻ രാജ്യസഭാ എം പി സി.ഹരിദാസ്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോ. രാജേഷ് കോമത്ത് എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്കാര നിർണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി കേരളീയ സാമൂഹിക പരിസരത്തിലെ സജീവ സാനിധ്യമാണ് ശ്രീ. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സ്വാതന്ത്ര്യ പൂർവ മലബാറിലെ അതി സാധാരണമായ ഒരു കർഷക കുടുംബത്തിൽ ജനിച്ച്, ആഗോള അംഗീകാരം നേടിയ മുസ്ളീം പണ്ഡിതൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളർച്ച അത്ഭുതകരവും അനിതരസാധാരണവും, മുൻ മാതൃകകൾ ഇല്ലാത്തതും ആണ്. മുസ്‌ലിം മത പണ്ഡിതൻ, സമുദായ നേതാവ് എന്നീ നിലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യാനന്തര കേരളത്തിലെ മുസ്‌ലിം സാമൂഹികതയുടെ സ്വഭാവം നിർണ്ണയിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഈ മുസ്‌ലിം സാമൂഹികതയുടെ കൂടി ഫലവും പരിച്ഛേദമാണ് കേരളീയ പൊതുമണ്ഡലവും വിവിധ മേഖലകളിൽ കേരളം നേടിയ മാതൃകാപരമായ നേട്ടങ്ങളും. ആ അർഥത്തിൽ ആധുനിക കേരളത്തിന്റെ രൂപീകരണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളും നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പിന്നാക്ക ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയിർത്തെഴുന്നേൽപ്പ് സാധ്യമാക്കുന്നതിൽ അദ്ദേഹം നടത്തിയ പോരാട്ട സമാനമായ മുന്നേറ്റങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചു കൊണ്ട് ശ്രീ. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ രൂപപ്പെടുത്തിയ സവിശേഷമായ കേരളീയ മുസ്‌ലിം വികസന മാതൃക ഇന്നു പല ഇന്ത്യൻ സംസ്ഥാനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിന്റെ പൊരുളും മറ്റൊന്നല്ല.
ഇസ്‌ലാമിന്റെ ധർമ ശാസ്ത്ര ബോധ്യങ്ങളിൽ നിന്നുകൊണ്ട് തന്നെ, ഇതര സമൂഹങ്ങളുമായുള്ള സഹോദര്യപൂർണ്ണമായ സഹവർത്തിത്വം സാധ്യമാക്കുക വഴി, മലയാള ദേശത്തിന്റെ സഹജമായ സൗഹൃദപാരമ്പര്യത്തെ പ്രോജ്ജ്വലിപ്പിച്ചു നിർത്തുകയാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചെയ്തത്. സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുമ്പോഴും മറ്റുള്ളവരുടെ ഒരവകാശവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും ആരെയും വേദനിപ്പിക്കാതിരിക്കാനും അദ്ദേഹം കാണിക്കുന്ന കരുതൽ സമുദായ നേതാക്കൾക്കുള്ള മികച്ച മാതൃകയാണ്. സ്വസമുദായത്തിന്റെ ശാക്തീകരണത്തിനു വേണ്ടി നടത്തുന്ന മുന്നേറ്റങ്ങളുടെയും നേട്ടങ്ങളുടെയും ഗുണഫലം സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ലഭിക്കത്തക്ക വിധത്തിൽ വിന്യസിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയും സന്നദ്ധതയും സാമുദായികത എന്ന ആശയത്തെ തന്നെ പുനർ നിർവചിക്കുന്നുണ്ട്. സാമുദായികതയും വർഗീയതയും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തുവരുന്ന ഇക്കാലത്ത്, അവ തമ്മിലുള്ള വ്യത്യാസത്തെ അടയാളപ്പെടുത്തുന്ന പ്രതീക്ഷാ നിർഭരമായ സാന്നിധ്യമാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത്.
മാനവികത, സാഹോദര്യം എന്നീ അടിസ്ഥാനപരമായ മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ടും സാമുദായിക ശാക്തീകരണം സാമൂഹിക വികസനം എന്നിയവയെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും ശ്രീ നാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്ക്കാരമാണ് ശ്രീ. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുന്നോട്ടു വെക്കുന്നത്. ഗുരു ചിന്തകളെയും കേരളത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇത്തരം ആവിഷ്കാരങ്ങൾക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് 'ശ്രീനാരായണ ഗുരു സഹോദര്യ പുരസ്കാരത്തിനു' ശ്രീ. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പേര് നിർദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി.
ശ്രീനാരായണ ആശയങ്ങളേയും, സ്ഥാപനങ്ങളേയും സങ്കുചിത വർഗീയ താൽപര്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സ്വജീവതം തന്നെ സമർപ്പിച്ച ശാശ്വതീകാനന്ദ സ്വാമിയുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ ശ്രീനാരായണ ഗുരുവിൻ്റെ പേരിലുള്ള പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിക്കുന്നതിലൂടെ ഗുരു നിർവഹിച്ച ചരിത്രപരമായ സാംസ്കാരിക ദൗത്യത്തെ സമകാലിക സാഹചര്യത്തിൽ ആവിഷ്കരിക്കുക കൂടിയാണ് ചെയ്യുന്നതെന്നും ജൂറി അറിയിച്ചു . പുരസ്കാര സമർപ്പണത്തിൻ്റെ തിയ്യതിയും വേദിയും പിന്നീട് അറിയിക്കുമെന്ന് സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. അനൂപ് വി ആർ അറിയിച്ചു.