തമിഴ്‌നാട്ടില്‍ ഹിന്ദിക്ക് നിരോധനം ഏര്‍പ്പെടുത്താനുളള നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍

03:24 PM Oct 15, 2025 | Renjini kannur

ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി ഭാഷാ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. ഹോര്‍ഡിംഗുകളില്‍ ഹിന്ദി നിരോധിക്കാനും ഹിന്ദി ഭാഷാ ചിത്രങ്ങള്‍ക്കും ഗാനങ്ങള്‍ക്കും തമിഴ്‌നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്താനുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമവിദഗ്ധര്‍ അടക്കമുളളവരുടെ അടിയന്തര യോഗം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാത്രി വിളിച്ച്‌ ചേര്‍ത്തിരുന്നു. ത്രിഭാഷാ ഫോർമുലയുടെ പേരിൽ ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിർക്കുന്നുവെന്നും സ്റ്റാലിൻ നേരത്തേ വ്യക്തമാക്കിയതാണ്.

ഇതിന്റെ ഭാഗമായാണ് ഒരു പടി കൂടി മുന്നോട്ട് കടന്ന് ഹിന്ദി ഭാഷാ നിരോധന ബില്ലുമായി ഡിഎംകെ സർക്കാർ രംഗത്തുവരുന്നത് ഹിന്ദി നിരോധിക്കാനുളള നീക്കം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഡിഎംകെയുടെ വാദം. ഞങ്ങള്‍ ഭരണഘടനയ്ക്ക് എതിരായി ഒന്നും ചെയ്യില്ല.

ഭരണഘടന അനുസരിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് ഞങ്ങള്‍ എതിരാണ്, മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി.