തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടം ; ആറു പേര്‍ മരിച്ചു

08:32 AM Jan 09, 2025 | Suchithra Sivadas

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരിച്ചവര്‍ ഭൂരിഭാഗവും സ്ത്രീകള്‍. ആകെ മരണം ആറായപ്പോള്‍ അതില്‍ അഞ്ചുപേരും സ്ത്രീകളാണ്. ലാവണ്യ സ്വാതി, ശാന്തി, മല്ലിക, രജനി, രാജേശ്വരി, നായിഡു ബാബു എന്നിവരാണ് അപകടത്തില്‍ മരിച്ചത്..


പരിക്കേറ്റവരില്‍ നാലുപേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. അപകടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ദേവസ്വം ബോര്‍ഡിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് വൈ എസ് ശര്‍മിള അപകടത്തെക്കുറിച്ച് കൃത്യമായ അന്വേഷണവും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതിയില്‍ എത്തും.

തിരുപ്പതി ക്ഷേത്രത്തില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു.തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്.