55ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ച തിരിഞ്ഞ് മൂന്നരക്ക് തൃശൂരില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആകും പ്രഖ്യാപനം നടത്തുക. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന.
ജനപ്രീതിയും കലാമൂല്യവും ഒത്തു ചേര്‍ന്ന ഒരു പിടി സിനിമകള്‍ ഇക്കുറി മത്സരത്തില്‍ ഇടം നേടിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ്, ഫെമിനിച്ചി ഫാത്തിമ, എആര്‍എം, കിഷ്‌കിന്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങള്‍ സജീവ പരിഗണനയില്‍ വന്നെന്നാണ് വിവരം. മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ നടന്മാരുടെ വിഭാഗത്തിലും അനശ്വര രാജന്‍, ദര്‍ശന രാജേന്ദ്രന്‍, ജ്യോതിര്‍മയി, ഷംല ഹംസ തുടങ്ങിയവര്‍ നടിമാരുടെ വിഭാഗത്തിലും മുന്‍ നിരയില്‍ ഉണ്ട്. 128 എന്‍ട്രികള്‍ ആണ് ഇക്കുറി വന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനക്ക് ശേഷം ആണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിര്‍ണയം നടത്തിയത്.