തിരുവനന്തപുരം: ഇനി അഞ്ചുനാൾ കലാകേരളത്തിന്റെ കണ്ണും കരളും തലസ്ഥാന നഗരിയിലെ 25 വേദികൾക്ക് ചുറ്റുമാകും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 63ാം പതിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചതോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തുടക്കമായി.
പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടിയാണ് അധ്യക്ഷത വഹിച്ചത്. രാവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസാണ് പതാക ഉയർത്തിയത്. കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച നൃത്താവിഷ്കാരത്തോടെയാണ് മേളക്ക് തുടക്കമായത്.
249 ഇനങ്ങളിൽ 15000ത്തോളം പ്രതിഭകളാണ് വേദികളിൽ നിറയുക. വെള്ളിയാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പാലുകാച്ചിയതോടെ ഊട്ടുപുരയും സജീവമായിരുന്നു. കലോത്സവ ചരിത്രത്തിലാദ്യമായി തദ്ദേശീയ ജനതയുടെ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ പുതിയ ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.