ആർക്കും വേണ്ടാത്ത കല്ലുകൾ ഇവരുടെ കൈകളിൽ എത്തിയാൽ അത്ഭുതങ്ങളായി മാറും ...(വീഡിയോ)

12:25 PM Jan 26, 2025 | Neha Nair

കണ്ണൂർ മയ്യിലെ ഒരു കുഞ്ഞു വീട്ടിൽ കൂട്ടിയിട്ട ചരൽ കല്ലുകളും ഉരുളൻകല്ലുമാണ് സിസ്‌നയുടെയും ജിൻഷയുടെയും സൂര്യയുടെയും ശ്രീലക്ഷ്മിയുടെയും കൂട്ടുകാർ. കൂട്ടുകാർ എന്നതിലുപരി അവരുടെ വരുമാന മാർഗം കൂടിയാണ് ഈ കല്ലുകൾ.

പുഴയിലെ കല്ലുകൾ കൊണ്ട് എങ്ങനെ പണം ഉണ്ടാക്കാം എന്നതിന്റെ  ഉത്തരം സിൻഹാര എന്ന ഇവരുടെ സംരംഭം കാട്ടിത്തരും. പലതരത്തിൽ ഉള്ള കല്ലുകൾ കൊണ്ട് വ്യത്യസ്‌തവും മനോഹരവുമായ കരകൗശലവസ്തുക്കൾ ഇവർ നിർമ്മിക്കും. കണ്ണാടികൾ, ശിൽപങ്ങൾ, ഫ്രെയിമുകൾ തുടങ്ങി പക്ഷികളും മയിലും ആനയും അരയന്നങ്ങളും കുഞ്ഞു വീടുകളും പൂക്കളും ബുദ്ധനുമൊക്കെ ഇവരുടെ കരവിരുതിൽ വിരിഞ്ഞിറങ്ങിയവയാണ്.

കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വി വി വിജിൻ പങ്കുവെച്ച ആശയമാണ് സിൻഹാര ഹാൻഡ് മെയ്‌ഡ് ക്രിയേഷൻസ് എന്ന സംരംഭത്തിലേക്ക് നയിച്ചത്.

 2023 ലാണ് രണ്ട് ജീവനക്കാരുമായി ചേർന്ന് സിൻഹാരയ്ക്ക് തുടക്കം കുറിച്ചത്. നിർമാണവും വിപണനവും എല്ലാം ഒരിടത്തായിരുന്നു. ഇപ്പോൾ നിർമാണ യൂണിറ്റ് കമ്പനി പീടിക റോഡിലും വിതരണ യൂണിറ്റ് ചെക്ക്യാട്ടുകാവ് റോഡിന് സമീപവുമായി വികസിച്ചു.

ആറുമാസത്തിൽ ഒരിക്കൽ പുഴയിലേക്ക് കല്ലുകൾ തേടിഇവർ യാത്ര തിരിക്കും. പൊടിക്കല്ലുകളും വെള്ളക്കല്ലുകളും ശേഖരിക്കും. നിർമാണത്തിന് ഉപയോഗിക്കുന്ന കല്ലുകൾ കൂടുതലും പുഴയരികിൽ നിന്നാണ് ശേഖരിക്കുന്നത്. പിന്നീട് കഴുകി വൃത്തിയാക്കിയാണ് ഓരോ കരകൗശല വസ്തുക്കളും നിർമിക്കുന്നത്.

കൂടാതെ വീടുകളിലും പറമ്പിലുകളിലും എല്ലാം സുലഭമായി കിട്ടുന്ന ചരൽക്കല്ലുകളും ഇവർ  ഉപയോഗിക്കുന്നു. മനസിൽ തെളിയുന്ന ആശയങ്ങൾ ക്യാൻവാസിലേക്ക് പകർത്തുക എന്നതാണ് ലക്ഷ്യം. പിന്നീട് അതിലേക്ക് കല്ലുകൾ പതിപ്പിക്കുന്നതാണ് രീതി. പല വർക്കുകളും 3 മുതൽ 4 വരെ ദിവസം എടുത്താണ് പൂർത്തിയാക്കുന്നത്.

എ 4 ഷീറ്റ് മുതൽ മുകളിലോട്ട് ഫ്രെയിം ചെയ്‌താണ് ഇതിന്‍റെ വിതരണം. പെയിന്‍റിഗിൽ പരിശീലനം നേടിയവരല്ല ആരും. ആർട്ട് വാർക്കുകളോടുള്ള താത്‌പര്യമാണ് ഇവരെ സിൻഹാരയിലേക്ക് എത്തിച്ചത്.

150 രൂപ മുതൽ 5000 രൂപ വരെ വിലയുള്ള നിർമിതികൾ ഉണ്ട്.  ഉപഭോക്താക്കളുടെ ആവശ്യാനുസരണവും വസ്തുക്കൾ നിർമ്മിച്ചു നൽകുന്നുണ്ട്. ഷോപ്പിൽ നിന്ന് വിൽക്കുന്നുണ്ടെങ്കിലും സിൻഹാര ഹാൻഡ് മൈഡ് ക്രീയേഷൻസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കൂടുതൽ വിൽപ്പന നടക്കുന്നത്.

INSTAGRAM PAGE - sinhara_handmade_creations   

WHATSAPP NUMBER  - 8891007883