എഐജി വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിൽ വിചിത്ര നടപടി ; തിരുവല്ലയിൽ വാഹനമിടിച്ച് പരുക്കേറ്റയാളെ പ്രതിയാക്കി കേസെടുത്ത് പോലീസ്

01:29 PM Sep 02, 2025 | Kavya Ramachandran

തിരുവല്ല: വാഹനമിടിച്ച് പരുക്കേറ്റയാളെ പ്രതിയാക്കി വാഹനാപകടത്തില്‍  കേസെടുത്ത് തിരുവല്ല പോലീസ്. മന്ത്രി  വി.എന്‍. വാസവന്റെ അടുത്ത അനുയായി എഐജി വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിലാണ് തിരുവല്ല പോലീസിന്റെ വിചിത്ര നടപടി. സാധാരണ വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നയാളുടെ മൊഴി വാങ്ങിയാണ് പോലീസ് കേസെടുക്കുന്നത്. 

ഇവിടെഎഐജിയുടെ സ്വകാര്യ വാഹനം ഓടിച്ചിരുന്ന പോലീസ് ഡ്രൈവറുടെ മൊഴി പ്രകാരം പരുക്കേറ്റയാള്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ്.ഓഗസ്റ്റ് 30 ന് രാത്രി 10.50 ന് എം.സി റോഡില്‍ കുറ്റൂരില്‍ വച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് വന്ന എ.ഐ.ജി സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്‌സ് യുവി 700 വാഹനം ഹോട്ടല്‍ തൊഴിലാളിയായ ഇതരസംസ്ഥാന തൊഴിലാളിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇയാള്‍ കുറുകെ ചാടിയെന്നും അപ്പോള്‍ വണ്ടി തട്ടി തലയിലും മുഖത്തും തോളത്തും മുറിവു പറ്റിയെന്നുമാണ് എഫ്‌ഐആര്‍. സാരമായി പരുക്കേറ്റ തൊഴിലാളി പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. 

ഇയാള്‍ക്ക് പറ്റിയ പരുക്കേിനേക്കാള്‍ വിശദമായിട്ടാണ് എഐജിയുടെ കാറിന് വന്ന കേടുപാടുകള്‍ എഫ്‌ഐആറില്‍ വിവരിക്കുന്നത്. കാറിന്റെ ബോണറ്റിന്റെ ഇടതുവശം ബോഡിഭാഗത്തും ഹെഡ്‌യൈറ്റ് ഭാഗത്തും വീല്‍ ആര്‍ച്ച് ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. പരുക്കേറ്റയാളെ പുഷ്പഗിരിയില്‍ ആക്കിയ ശേഷം വാഹനത്തിന്റെ ഡ്രൈവര്‍ എ.കെ. അനന്തു തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

വാഹനത്തില്‍ സഞ്ചരിച്ചിരുന്നത് എഐജി ആയിരുന്നതിനാലും വിവാദം ഒഴിവാക്കുന്നതിന് വേണ്ടിയും ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറുടെ മെഡിക്കല്‍ എടുക്കുന്ന പതിവുണ്ട്. ഇവിടെ അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, അയാളുടെ മൊഴി വാങ്ങി കാല്‍നടയാത്രികനെതിരേ കേസ് എടുക്കുകയാണ് ചെയ്തിരിക്കുന്നത്. തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. അധികാരദുര്‍വിനിയോഗം എഐജിയുടെ ഭാഗത്തു നിന്നുണ്ടായെന്നും വിമര്‍ശനം ഉണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പ്രതിയാക്കാതിരുന്നത് എഐജിയുടെ സ്വകാര്യ യാത്രയുടെ ദുരൂഹത വര്‍ധിപ്പിക്കുന്നു. 

നിലവില്‍ ഇവിടെ പരുക്കേറ്റയാളുടെ മൊഴി വാങ്ങി വാഹനത്തിന്റെ ഡ്രൈവറെ പ്രതിയാക്കിയാണ് കേസ് എടുക്കേണ്ടിയിരുന്നത്. വി.ജി. വിനോദ്കുമാറിന്റെ പേരിലുള്ളതാണ് വാഹനം. വഴി വിട്ട് കേസെടുത്ത വിവരം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എസ്.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതു സംബന്ധിച്ച് എസ്.പി ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്‌ഐ ഡൊമിനിക് മാത്യുവാണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയതായാണ് വിവരം.