സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

09:55 AM Jan 13, 2025 | Neha Nair

സമ്മര്‍ദം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്...

വെണ്ടയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 'ഫോളേറ്റ്' എന്ന വിറ്റാമിന്‍ - ബി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'ഡോപാമൈന്‍' ഉത്പാദിപ്പിക്കുന്നു. അതിനാല്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

രണ്ട്...

വിറ്റാമിൻ സി- യുടെ  മികച്ച ഉറവിടമാണ് സിട്രസ് പഴങ്ങൾ. ഇത് സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. വർദ്ധിച്ച കോർട്ടിസോളിന്റെ അളവ് തടയുന്നതിലൂടെ വിറ്റാമിൻ സി ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രത്യേകിച്ച്, ഓറഞ്ച്. ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മൂന്ന്...

സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്‌സിഡന്‍റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളായ എപ്പികാടെച്ചിൻ, കാറ്റെച്ചിൻ തുടങ്ങിയ ഫ്ലേവനോളുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാന‌സിക പിരിമുറുക്കം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, എന്നിവ നിയന്ത്രിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ​ഗുണം ചെയ്യും.

നാല്...

ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് മനസ്സിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

അഞ്ച്...

മഞ്ഞള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുർകുമിൻ എന്ന ബയോ ആക്റ്റീവ് സംയുക്തം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. സന്തോഷകരമായ ഹോർമോണായ സെറോടോണിൻ, ഡോപാമൈൻ എന്നിവ വർദ്ധിപ്പിക്കുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മഞ്ഞള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ആറ്...

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ അവശ്യ ആസിഡുകളാൽ സമ്പന്നമാണ് അവക്കാഡോ. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.

ഏഴ്...

നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അതിനാല്‍ നേന്ത്രപ്പഴം ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

എട്ട്...

കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.