അതിർത്തിയിൽ സംഘർഷം തുടരുമ്പോൾ മുംബൈയിലെ ആരാധനാലയങ്ങൾ, എയർപോർട്ട് പ്രധാന റയിൽവേ സ്റേഷനുകളിലെല്ലാം സുരക്ഷാ നടപടികൾ ശക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ സിദ്ധിവിനായക ക്ഷേത്രം തേങ്ങ, മാല, പ്രസാദം എന്നിവ നിരോധിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ദക്ഷിണ മുംബൈയിലെ പ്രഭാദേവിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായെത്തുന്നത്. ക്ഷേത്രം തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ മെയ് 10 മുതൽ വഴിപാടുകൾക്ക് തേങ്ങ, മാല, പ്രസാദം എന്നിവ അനുവദിക്കില്ലെന്നാണ് തീരുമാനം. ക്ഷേത്രത്തിന് പുറത്തുള്ള കച്ചവടക്കാരുമായി ക്ഷേത്ര ട്രസ്റ്റ് ഇക്കാര്യം സംസാരിച്ചതായും നാളെ മുതൽ ഈ നിബന്ധന നടപ്പിലാക്കാൻ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കയാണ്.