തിരുവനന്തപുരം: ക്ലാസ് മുറിയില്‍ നിന്ന് വിദ്യാർത്ഥിനിയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ, അറ്റകുറ്റപണികൾ നടത്തുന്ന കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.
കഴിഞ്ഞ ദിവസം ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് നെയ്യാറ്റിന്‍കര ചെങ്കല്‍ സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിനി നേഹയ്ക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റത്. കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നേഹയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല.
വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിന് പിന്നാലെ സ്കൂളിനെതിരെ ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സ്കൂളിലെ പരിസരവും മറ്റും കാട് പിടിച്ച നിലയിലാണെന്നാണ് പ്രധാന ആരോപണം.