+

വിദ്യാർഥികളെ നിർബന്ധിച്ച് ജാതി, മത ചടങ്ങുകളിൽ പങ്കെടുപ്പിക്കരുത് : മദ്രാസ് ഹൈക്കോടതി

വിദ്യാർഥികളെ നിർബന്ധിച്ച് ജാതി, മത ചടങ്ങുകളിൽ പങ്കെടുപ്പിക്കരുത് : മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിദ്യാർഥികളെ ജാതീയവും മതപരവുമായ ചടങ്ങുകളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം ചടങ്ങുകൾക്ക് കോളേജ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽപ്പോലും നേരിട്ടോ അല്ലാതെയോ വിദ്യാർഥികളെ ഈ ചടങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്നും കോടതി അറിയിച്ചു. വിദ്യാർഥികളുടെ വ്യക്തിപരമായ അവകാശമാണ് ഏതു ചടങ്ങിൽ പങ്കെടുക്കണം എന്നത്. അതിനു നിർബന്ധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ചടങ്ങുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ നിർബന്ധിച്ചാണ് വന്നതെന്ന് സ്ഥിരീകരിച്ചാൽ കോളേജിന് നൽകുന്ന സഹായം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറാകണമെന്നും കോടതി അറിയിച്ചു. കൂടാതെ ജാതി തിരിച്ചറിയൽ അടിസ്ഥാനമാക്കിയുള്ള ബാനറുകളും പോസ്റ്ററുകളും കാമ്പസിനുള്ളിൽ സ്ഥാപിക്കരുതെന്നും കോടതി നിർദേശം നൽകി. നിയമലംഘനം കണ്ടാൽ പോലീസും വിദ്യാഭ്യാസവകുപ്പും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം, ജസ്റ്റിസ് എ.ഡി. മരിയ ക്ലീറ്റ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

facebook twitter