രാജ് ബി. ഷെട്ടിയുടെ പുതിയ ചിത്രമായ 'സു ഫ്രം സോ' 100 കോടി ക്ലബിൽ. നടനും സംവിധായകനുമായ ജെ.പി. തുമിനാട് ആദ്യമായി സംവിധാനം ചെയ്ത 'സു ഫ്രം സോ' അഞ്ച് കോടിയിൽ താഴെ ബജറ്റിലാണ് നിർമിച്ചത്. ബോക്സ് ഓഫിസ് റൺ ആരംഭിച്ചതിന്റെ 23ാം ദിവസം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.
കന്നഡ ഒറിജിനൽ പതിപ്പിൽ നിന്ന് ഏകദേശം 93 കോടി രൂപ ലഭിച്ചു. അഞ്ചാമത്തെ വാരാന്ത്യത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ചിത്രത്തിന്റെ തിയറ്റർ റൺ തുടരുകയാണ്. ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കന്നഡ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ 'സു ഫ്രം സോ' ഇടം നേടിയിട്ടുണ്ട്. 2025 ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കന്നഡ ചിത്രങ്ങളുടെ കൂട്ടത്തിൽ 'സു ഫ്രം സോ' ഇടം പിടിച്ചു.
ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പ് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്. ജൂലൈ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗസ്റ്റ് അവസാനത്തോടെ ഒ.ടി.ടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ആമസോൺ പ്രൈമിൽ ആയിരിക്കും സ്ട്രീമിങ്.