+

ഒരു കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; ലാത്തൂരിൽ യുവാവ് പിടിയിൽ

മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം നടന്നത്

മുംബൈ: താൻ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം നടന്നത്. ലാത്തൂർ സ്വദേശി ഗണേഷ് ചവാൻ, താൻ കൊല്ലപ്പെട്ടെന്ന് വരുത്തിത്തീർക്കാൻ ഗോവിന്ദ് യാദവിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വീട് പണിയാൻവേണ്ടി എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് ഗണേഷ് ചവാൻ ക്രൂരകൃത്യം നടത്തിയത്. ഇയാൾ ഒരുകോടി രൂപയുടെ ഇൻഷുറൻസിൽ ചേർന്നിരുന്നു. കഴിഞ്ഞദിവസം ഔസയിൽ വെച്ച് ഗോവിന്ദ് യാദവ് എന്നയാൾക്ക് ഗണേഷ് ലിഫ്റ്റ് നൽകി. തുടർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഗോവിന്ദിനെ മാറ്റിയിരുത്തി വാഹനത്തിന് തീ കൊളുത്തുകയായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും താൻ മരിച്ചെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താനുംവേണ്ടി, ഗണേഷ് തന്റെ ബ്രേസ്‌ലെറ്റ് ഗോവിന്ദിന്റെ മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചു.

മരിച്ചത് ഗണേഷ് ചവാനാണെന്നുതന്നെയാണ് പോലീസ് ആദ്യം കരുതിയിരുന്നത്. ബന്ധുക്കൾക്ക് മൃതദേഹം കൈമാറുകയും ചെയ്തു. എന്നാൽ, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗണേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്ന് ഭാര്യ വെളിപ്പെടുത്തിയത്. പിന്നാലെ ഈ സ്ത്രീയുമായി ഗണേഷ് മറ്റൊരു നമ്പറിൽനിന്ന് ചാറ്റ് ചെയ്യുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. ഇതോടെയാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ ഗണേഷ് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. പിന്നാലെ, നടത്തിയ അന്വേഷണത്തിൽ സിന്ധുദുർഗിൽ വെച്ച് ഗണേഷിനെ പോലീസ് പിടികൂടുകയായിരുന്നു.

സംഭവത്തിൽ ഗണേഷിന്റെപേരിൽ പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകത്തിൽ ഗണേഷിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
 

facebook twitter