
കണ്ണൂർ :രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ ഇടപെടാനില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് പുറത്തായ ഒരാളെ കുറിച്ചു താൻ ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ല. രാഹുലിനെതിരെയുള്ള രണ്ടാമത്തെ പരാതി കെ.പി.സി.സി ക്ക് ഇമെയിലായാണ് ലഭിച്ചത്. അതിന് ശേഷം തന്നെ വിളിച്ചു പറയുകയും ചെയ്തു. അതാണ് ഡി.ജി.പിക്ക് അപ്പോൾ തന്നെ പരാതി കൈമാറാൻ കാരണം ' എന്നാൽ രാഹുലിനെതിരെ നൽകിയ പരാതിയിൽ ഒരു ജുഡീഷ്യൽ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട്. അതു പരാതി വായിച്ചപ്പോൾ തന്നെ തനിക്ക് വ്യക്തമായെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ താനും പ്രതിപക്ഷ നേതാവും യു.ഡി.എഫ് കൺവീനർ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്.
ദിലീപ് വിഷയത്തിൽ യു.ഡി എഫ് കൺവീനർ നടത്തി പ്രസ്താവന തെറ്റാണ്. അതു തിരുത്താൻ അദ്ദേഹം തയ്യാറായിട്ടുണ്ട്.എന്നാൽ അദ്ദേഹം പറഞ്ഞതിൻ്റെ ഒരു ഭാഗം മാത്രമേ മാധ്യമങ്ങൾ കൊടുത്തിട്ടുള്ളു. ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരും സി.പി.എമ്മും പ്രതികളെ പൊതിഞ്ഞു സംരക്ഷിക്കുകയാണ്. കൂടുതൽ സി.പി.എം നേതാക്കൾ കുടുങ്ങുമെന്നതുകൊണ്ടാണ് ജയിലിലായ നേതാക്കൾക്കെതിരെ സി.പി.എം നടപടിയെടുക്കാത്തത്. സ്വർണക്കടത്ത് മാഫിയയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വർണ്ണപ്പാളി കടത്തിൽ ബന്ധമുണ്ടെന്ന് നിങ്ങൾ മാധ്യങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലേയെന്ന് സണ്ണി ജോസഫ് ചോദിച്ചു. ഈ തെരഞ്ഞെടുപ്പിൽ സ്വർണപ്പാളി കടത്തിനെതിരെയുള്ള ജനവികാരം വോട്ടായി മാറും. ശബരിമലയിലെ അപൂർവ്വമായ മൂല്യമുള്ള സാധനങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ വീഴ്ച്ച വരുത്തിയിരിക്കുകയാണ്.
തെക്കൻ ജില്ലകളിൽ പോളിങ് വർദ്ധിക്കാത്തത് സർക്കാരിനെതിരെ ജനവികാരമില്ലെന്ന് പറയാനാവില്ല. വോട്ടേഴ്സ് ലിസ്റ്റിലെ അപാകതയും വാർഡ് വിഭജനവും പോളിങ്ങ് വർധിക്കാതിരിക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇതു തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ചില സ്ഥലങ്ങളിൽ സി.പി.എം നടത്തുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ്. കണ്ണൂരിൽ തെരഞ്ഞെടുപ്പ് നിഷ്പക്ഷമായും കാര്യക്ഷമമായും നടത്തണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മിഷന് പരാതിനൽകിയിട്ടുണ്ട്. ഈ കാര്യത്തിൽ മുഖ്യമന്ത്രിയും ഇടപെടണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ശശി തരൂർ വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് ദേശീയ നേതൃത്വമാണ് ഇതിൽ കെ.പി.സി.സി ക്ക് ഇടപെടാൻ കഴിയില്ല. സവർക്കറുടെ പേരിലുള്ള അവാർഡ് തനിക്ക് വേണ്ടെന്ന് ശശി തരൂർ പറഞ്ഞിട്ടുണ്ട് താനറിയാതെയാണ് അവാർഡ് പ്രഖ്യാപിച്ചതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. തെറ്റുതിരുത്തി കൊണ്ട് ആർക്കും കോൺഗ്രസിൽ പ്രവർത്തിക്കാം. ശശി തരൂർ ഇപ്പോൾ ഇലക്ഷൻ പ്രചാരണത്തിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.