കണ്ണൂർ: ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോഗത്തിൻ്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ ഭവന സന്ദർശന പരിപാടിക്കിടെയാണ് കെപിസിസി പ്രസിഡൻ്റിൻ്റെ പ്രതികരണം. ഷാഫിയുടെ നേതൃത്വത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു എ ഗ്രൂപ്പ് യോഗം. ഇന്നലെയായിരുന്നു യോഗം ചേർന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണം തുറന്നു കാട്ടാനുള്ള പരിപാടിയാണ് ഭവനസന്ദർശനമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ടവകാശ സംരക്ഷണ യാത്രയും ചർച്ചയാക്കും. സർക്കാർ നടത്തുന്ന അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ സർക്കാറിന്റെ സദുദ്ദേശത്തെ സംശയിക്കുകയാണ്. അയ്യപ്പ സംഗമത്തിന്റെ ഭാഗമാകുമോ എന്നത് ആലോചിച്ചു ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെ പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയെന്നായിരുന്നു പ്രതികരണം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരെ പരസ്യമായി പ്രതികരിച്ച റിനി ജോർജ്ജ്, അവന്തിക, ഹണി ഭാസ്കർ എന്നിവരുടെ മൊഴി ആദ്യ ഘട്ടത്തിൽ എടുക്കും. രാഹുലിൽ നിന്നും മോശം അനുഭവം നേരിട്ട സ്ത്രീകൾ പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണം പോലെ കേസ് അവസാനിപ്പിക്കേണ്ടി വരാനുള്ള സാധ്യതയും ബാക്കിയാകുന്നുണ്ട്. രാഷ്ടീയ കേരളത്തെ പിടിച്ചുലച്ച കേസിൽ ക്രൈംബ്രാഞ്ചും മുന്നോട്ട് പോകുന്നത് അതീവ ഗൗരവത്തോടെയാണ്. ക്രൈംബ്രാഞ്ചിൻറെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. ഡിവൈഎസ്പി സി ബിനുകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. ഡിജിറ്റൽ തെളിവുകൾ നിർണായകമായ കേസിൽ സൈബർ വിദഗ്ധരെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.