സൂപ്പർ ലീഗ് കേരള സീസൺ 2 : ആവേശകരമായ ഫൈനൽ പോരാട്ടത്തിന് ഇനി നിമിഷങ്ങൾ മാത്രം

08:10 AM Dec 19, 2025 | Desk Kerala

കണ്ണൂർ; സൂപ്പർ ലീഗ് കേരള സീസൺ 2-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങി. 2025 ഡിസംബർ 19-ന് നടക്കുന്ന ഗ്രാന്റ് ഫൈനലിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി തൃശൂർ മാജിക് എഫ്.സിയെ നേരിടും. കണ്ണൂരിലെ ചരിത്രപ്രസിദ്ധമായ ജവഹർ മുനിസിപ്പൽ സ്റ്റേഡിയമാണ് ഈ വമ്പൻ പോരാട്ടത്തിന് വേദിയാകുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്രയും വലിയൊരു ഫുട്ബോൾ മാമാങ്കത്തിന് കണ്ണൂർ ജവഹർ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.

ഫൈനൽ ദിനത്തിലെ കർട്ടൻ റൈസർ പരിപാടികൾ വൈകുന്നേരം 6:00 മണിക്ക് ആരംഭിക്കും. 7:30-നാണ് കിക്ക്-ഓഫ്. കാണികൾക്ക് സുഗമമായ പ്രവേശനത്തിനും ഇരിപ്പിടങ്ങൾ ഉറപ്പാക്കുന്നതിനുമായി വൈകുന്നേരം 5:00 മണി മുതൽ സ്റ്റേഡിയം ഗേറ്റുകൾ തുറക്കും.

രണ്ട് സെമിഫൈനലുകളിലായി മാത്രം  40,000-ത്തിലധികം കാണികളെ സാക്ഷിയാക്കി സൂപ്പർ ലീഗ് കേരള ചരിത്രപരമായ കുതിപ്പ് തുടരുകയാണ്. ആരാധകരുടെ ഈ വമ്പിച്ച പങ്കാളിത്തം ലീഗിന്റെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെയും കേരളത്തിന് ഫുട്ബോളിനോടുള്ള ആഴത്തിലുള്ള സ്നേഹവും ഈ കണക്കുകൾ വ്യക്തമാകുന്നു. സെമിഫൈനലുകളിൽ കോഴിക്കോടും, തൃശൂരും ജനപങ്കാളിത്തം കൊണ്ട് ചരിത്രം സൃഷ്ടിച്ചു. ഗാലറികളിലെ ആവേശകരമായ അന്തരീക്ഷം സംസ്ഥാനത്ത് ലൈവ് ഫുട്ബോൾ സംസ്കാരത്തിന്റെ ശക്തമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നും സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.

സ്റ്റേഡിയങ്ങൾക്ക് പുറമെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ലീഗ് വൻ വിജയമായിരുന്നു. 11.6 ലക്ഷത്തിലധികം പേരാണ് സ്പോർട്സ് ഡോട്ട് കോം വഴി തത്സമയം മത്സരം കണ്ടത്. സോണി, ദൂരദർശൻ, ഇത്തിസലാത്ത് ഇവിഷൻ എന്നിവയിലൂടെയുള്ള സംപ്രേക്ഷണവും മുൻ റെക്കോർഡുകളെല്ലാം ഭേദിക്കുമെന്നാണ് കരുതുന്നത്. ഔദ്യോഗിക BARC റിപ്പോർട്ട് വരുന്നതോടെ ചരിത്രപരമായ കണക്കുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി സൂപ്പർ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് പറഞ്ഞു.

"ഡിസംബർ 19-ന് കണ്ണൂരിൽ നടക്കുന്ന ഫൈനലോടെ സൂപ്പർ ലീഗ് കേരള ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ഉറപ്പാണ്. ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ ഏതാണ്ട് പൂർണ്ണമായും വിറ്റുതീർന്നത് ഫൈനലിനെതിരെയുള്ള ആരാധകരുടെ കാത്തിരിപ്പും ആവേശവും വ്യക്തമാക്കുന്നു" മാത്യു ജോസഫ് പറഞ്ഞു. 

രാജ്യത്തെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന പരിപാടികളോടെയാകും ഫൈനൽ സായാഹ്നം ആരംഭിക്കുക. പ്രശസ്ത റാപ്പർ ഗബ്രിയടക്കമുള്ള താരനിരയാരാണ് ഫൈനൽ മത്സരത്തിന്  മുന്നോടിയായി നടക്കുന്ന സംഗീത നിശയിൽ പങ്കെടുക്കുക, വർണ്ണാഭമായ വെടിക്കെട്ടും, ലൈറ്റ് ഷോ അടങ്ങുന്ന മികച്ച ദൃശ്യവിരുന്നാണ് സജ്ജീകരിക്കുന്നത് എന്ന് എസ എൽ ആകെ അധികൃതർ അറിയിച്ചു. കൂടാതെ, പ്രശസ്ത ഗായകനും, രചയിതാവുമായ അറിവ്  നയിക്കുന്ന മിഡ്-ടൈം ഷോ (ഹാഫ് ടൈം ഷോ) ഫൈനലിന് സവിശേഷമായ സംഗീത വിരുന്നൊരുക്കും.

കണ്ണൂർ വാരിയേഴ്‌സ് എഫ്.സി സഹഉടമയും നടനുമായ ആസിഫ് അലി, തൃശൂർ മാജിക് എഫ്.സി സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബൻ എന്നിവരുൾപ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങൾ, കായിക താരങ്ങൾ, രാഷ്ട്രീയ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

റെക്കോർഡ് ജനപങ്കാളിത്തവും, കുതിച്ചുയരുന്ന പ്രേക്ഷകശ്രദ്ധയും, ആഘോഷലഹരിയും ഒത്തുചേരുമ്പോൾ, സംസ്ഥാനത്തെ കായിക ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നായി സൂപ്പർ ലീഗ് കേരള സീസൺ 2 ഫൈനൽ മാറുമെന്ന് ഉറപ്പാണ്.