
കോട്ടയം: ഓണക്കാലത്ത് റെക്കോഡ് വരുമാനം നേടിയ സപ്ലൈകോ നേട്ടം തുടരാനുള്ള തന്ത്രങ്ങൾ ആലോചിക്കുന്നു. പുറംവിപണിയിൽ കാര്യമായ വിലവർധന ഉണ്ടാകാത്ത ഏതാനും ഉത്പന്നങ്ങളുടെ വില കുറച്ചേക്കും. തിരഞ്ഞെടുപ്പുകൾകൂടി മുന്നിൽകണ്ടാണിത്.
ഓണക്കാലത്ത് കുറഞ്ഞവിലയ്ക്ക് വെളിച്ചെണ്ണ, അരി, മുളക് എന്നിവ നൽകിയതിനാൽ ജനം കടകളിലേക്ക് ഒഴുകി വന്നിരുന്നു. അന്ന് ഏജൻസികൾവഴി ശേഖരിച്ച വെളിച്ചെണ്ണയുടെ വിലയിൽ ഒരുതവണകൂടി വിലക്കുറവ് പറ്റുമോ എന്ന് നോക്കും. 339 രൂപയാണ് നിലവിലെ വില.
കൊപ്രവില 290 രൂപയിലും താഴ്ന്നിരുന്ന സമയത്തെ ബാച്ച് ആയതിനാൽ ഇനിയും വിലകുറയ്ക്കാൻ പറ്റിയേക്കും. പക്ഷേ, ഒാണത്തിനുശേഷം പുറംവിപണിയിൽ വെളിച്ചെണ്ണവില തിരിച്ചുകയറുന്നത് വെല്ലുവിളിയാണ്.
എഫ്സിഐ ഉദാരനയം പ്രഖ്യാപിച്ച സാഹചര്യത്തിൽ അരി കാര്യമായി ശേഖരിച്ച് 25 രൂപ നിരക്കിൽ കൊടുക്കാൻ കഴിയുമോ എന്ന് നോക്കും. ഓണത്തിന് കിലോയ്ക്ക് 25 രൂപ നിരക്കിൽ 20 കിലോ അരിയാണ് ഓരോ കാർഡിനും നൽകിയത്. നിലവിൽ സപ്ലൈകോ വില 33 രൂപയാണ്. ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 28 രൂപ നിരക്കിൽ ഒക്ടോബർവരെ അരി നൽകുമെന്നാണ് എഫ്സിഐ നയം.
പഞ്ചസാര, ചെറുപയർ, വൻപയർ എന്നിവയുടെയും വിലയിൽ നേരിയകുറവ് വരുത്താനായേക്കും.സപ്ലൈകോ വിലയും പുറംവിപണിവിലയും തമ്മിൽ ഇപ്പോൾ ഇൗ ഇനങ്ങൾക്ക് ശരാശരി 10 രൂപയുടെ വ്യത്യാസമുണ്ട്. 3-4 രൂപ കൂടി കുറച്ച് സപ്ലൈകോയ്ക്ക് വിൽക്കാനാകും. സബ്സിഡിരഹിത ഉത്പന്നങ്ങളിൽ കമ്പനികളുമായി സംസാരിച്ച് ഓണക്കാല ആനുകൂല്യംതുടരാൻ പറ്റുമോ എന്ന് നോക്കുന്നുണ്ട്.