സാധാരണക്കാർക്ക് ഏറെ പ്രീയപ്പെട്ട സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാൻഡിലെ ഉത്പന്നങ്ങളുടെ പുതിയ ശ്രേണി ഈ ഓണക്കാലത്ത് ജനങ്ങളിലേക്ക് എത്തുന്നു. ഓഗസ്റ്റ് 19ന് രാവിലെ 11ന് എറണാകുളം ബോൾഗാട്ടി പാലസ് ലേക്സൈഡ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനാവും.
പാലക്കാടൻ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ/പാലട പായസം മിക്‌സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കുന്ന ശബരി ഉത്പന്നങ്ങൾ. പാലക്കാട്ടെ കർഷകരിൽനിന്ന് സംഭരിക്കുന്നതാണ് മട്ട അരി. തെലങ്കാനയിലെ നൽഗൊണ്ടയിൽനിന്നുള്ള പച്ചരിയിൽനിന്ന് തയ്യാറാക്കിയ പുട്ടുപൊടിയും അപ്പം പൊടിയും ഉയർന്ന ഗുണനിലവാരത്തോടെ വിപണി വിലയുടെ പകുതി വിലയ്ക്കാണ് ലഭ്യമാക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് സംഭരിച്ച പഞ്ചസാരയും തൂത്തുക്കുടിയിലെ ഉപ്പളങ്ങളിൽനിന്നുള്ള ശാസ്ത്രീയമായി അയഡൈസ് ചെയ്ത ഉപ്പും ശബരി ബ്രാൻഡിന്റെ ഭാഗമായി ലഭ്യമാക്കും. പായസം മിക്‌സ് മിതമായ വിലയിൽ ഉയർന്ന ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കും.
ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം ആദ്യ വിൽപ്പന നിർവഹിക്കും. ചലച്ചിത്രതാരം റിമ കല്ലിങ്കൽ ആദ്യ വിൽപ്പന ഏറ്റുവാങ്ങും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം. ജയകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.