വാദം കേട്ട ശേഷം ട്രൈബ്യൂണൽ നിയമം ചോദ്യം ചെയ്യുന്ന ഹർജി വിശാല ബെഞ്ചിന് വിടണമെന്ന് കേന്ദ്രം ; അതൃപ്തി അറിയിച്ച് സുപ്രീം കോടതി

04:22 PM Nov 05, 2025 | Neha Nair

ഡൽഹി : ട്രൈബ്യൂണൽ റിഫോംസ് ആക്റ്റ് 2021ൻ്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ അഞ്ചംഗ ബെഞ്ചിന് വിടണമെന്ന കേന്ദ്ര സർക്കാരിൻ്റെ അപേക്ഷയിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹർജിക്കാർക്ക് വേണ്ടി വാദം കേട്ടശേഷം ഈ സമയത്ത് അപേക്ഷ നൽകിയതിൻ്റെ ഔചിത്യത്തെ ചോദ്യം ചെയ്ത കോടതി, ഇത് ബെഞ്ചിനെ ഒഴിവാക്കാനുള്ള തന്ത്രമാണോ എന്നും ചോദിച്ചു. യൂണിയന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ (എജി) ആർ വെങ്കിട്ടരമണി, കേസ് അഞ്ചംഗ ബെഞ്ചിന് വിടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.

ഇതിനോട് പ്രതികരിച്ച ചീഫ് ജസ്റ്റിസ്, ഇന്ത്യൻ സർക്കാർ ഇത്തരത്തിലുള്ള തന്ത്രങ്ങൾ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, എന്ന് അഭിപ്രായപ്പെട്ടു. തൻ്റെ വാക്കുകൾ ഒരു തന്ത്രമായി കാണരുതെന്ന് എജി അഭ്യർത്ഥിച്ചു. ഇത് തന്ത്രമാണ്. ഒരു വാദം പൂർണ്ണമായി കേട്ട ശേഷം, എജിയുടെ വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ച് സമയം നീട്ടിനൽകിയ ശേഷവും നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് തന്ത്രമാണ് എന്നായിരുന്നു ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.

കേന്ദ്ര സർക്കാരിൻ്റെ വാദങ്ങൾ കേൾക്കുമെന്നും, കേസ് വലിയ ബെഞ്ചിന് വിടണമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂ എന്നും നിലവിലെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അരവിന്ദ് ദത്തർ, ഐടിഎടി, സിഎടി പോലുള്ള ട്രൈബ്യൂണലുകളിലെ നിയമനങ്ങളെക്കുറിച്ച് കോടതിയുടെ ശ്രദ്ധ ക്ഷണിച്ചു. പലപ്പോഴും മെറിറ്റ് ലിസ്റ്റുകൾ റദ്ദാക്കി പുതിയ സെലക്ഷനുകൾ നടത്തുന്നു, അല്ലെങ്കിൽ മെറിറ്റ് ലിസ്റ്റിന് പകരം വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ നടത്തുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പലപ്പോഴും മെറിറ്റ് ലിസ്റ്റിൽ വന്ന ഉദ്യോഗാർത്ഥികൾ നിയമനം വേണ്ടെന്ന് വെക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും, അതുകൊണ്ടാണ് ഈ പ്രശ്നങ്ങളെന്നും എജി വിശദീകരിച്ചു. മെറിറ്റ് ലിസ്റ്റിന് പകരം വെയ്റ്റിംഗ് ലിസ്റ്റിന് മുൻഗണന നൽകുന്നതിനെ കേന്ദ്രം പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ വിരമിച്ച പല ഹൈക്കോടതി ജഡ്ജിമാരും ട്രൈബ്യൂണൽ നിയമനങ്ങൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന ബെഞ്ചിൻ്റെ മറ്റൊരു നിരീക്ഷണവും ഇവിടെ ശ്രദ്ധേയമായി.