ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ മറികടന്ന് കേരള ഹൈകോടതി മുൻകൂർ ജാമ്യം നൽകുന്നത് പതിവാക്കിയതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. വിഷയം പഠിക്കാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ ലൂഥ്റയെ അമിക്കസ് ക്യൂറിയായി നിയോഗിച്ച സുപ്രീംകോടതി കേരള ഹൈകോടതി രജിസ്ട്രാർക്ക് നോട്ടീസ് അയച്ചു. കേസ് ഒക്ടോബർ 14ന് വീണ്ടും പരിഗണിക്കും.
മറ്റൊരു ഹൈകോടതിയിലും സംഭവിക്കാത്ത കാര്യമാണിതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷയുമായി വരുന്നവരോട് ആദ്യം സെഷൻസ് കോടതിയിൽ പോകാൻ കേരള ഹൈകോടതി പറയാത്തതിൽ ആശങ്ക പ്രകടിപ്പിച്ചു. ക്രിമിനൽ നടപടി ക്രമത്തിലും(സി.ആർ.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബി.എൻ.എസ്.എസ്)യിലും ഒരു അധികാര ക്രമം ഉണ്ടെന്ന് ഹൈകോടതിയെ സുപ്രീംകോടതി ഓർമിപ്പിച്ചു.
കേരള ഹൈകോടതിയുടെ ഈയൊരു രീതി തങ്ങളെ അലട്ടുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രംനാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയുമായി വരുന്നവരോട് ആദ്യം സെഷൻസ് കോടതിയിൽ പോകാൻ പറയാത്തത് എന്തുകൊണ്ടാണ്? കോടതിയുടെ മുമ്പാകെ പരിഗണനക്കുവന്ന മുഹമ്മദ് റസലിന്റെ കേസിനെ കുറിച്ചല്ല, മറിച്ച് ഒരു നിയമ തത്ത്വമെന്ന നിലക്ക് ചൂണ്ടിക്കാട്ടുകയാണെന്നും ജസ്റ്റിസ് വിക്രംനാഥ് പറഞ്ഞു.
വിചാരണ കോടതി മുൻകൂർ ജാമ്യാപേക്ഷ ആദ്യം പരിഗണിക്കാതിരിക്കുന്നത് കേസുമായി ബന്ധപ്പെട്ട പല വസ്തുതകളും പുറത്തുവരാതിരിക്കാൻ കാരണമാകും. വിചാരണ കോടതിയുടെ മുമ്പാകെ വരാത്ത കാര്യങ്ങൾ സെഷൻസ് കോടതിയുടെ മുന്നിലെങ്കിലുമെത്തുമെന്നും ജസ്റ്റിസ് വിക്രംനാഥ് ചൂണ്ടിക്കാട്ടി.