മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം ; രാഷ്ട്രപതിക്ക് അയക്കുന്ന ബില്ലുകൾക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി

12:05 PM Apr 12, 2025 | Neha Nair

ഡൽഹി: ഗവർണർക്ക് പുറമെ രാഷ്ട്രപതിക്ക് അയക്കുന്ന ബില്ലുകൾക്കും സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം. ബില്ലുകൾ പിടിച്ചു വെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീം കോടതി പറഞ്ഞു.

രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു. തമിഴ്നാട് കേസിലെ ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്. നിയമസഭ പാസാക്കുന്ന ബില്ലുകൾ അനന്തമായി പിടിച്ചുവെയ്ക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവർണർമാർക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിരുന്നു.

ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകുകയാണെങ്കിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ബില്ലുകൾ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് നൽകിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.