ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും തടവുകാർ ജയിലുകളിൽ തുടരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ആവശ്യമില്ലാത്ത അത്തരം കുറ്റവാളികളെ ഉടൻ മോചിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിർദ്ദേശിച്ചു. നീതി നിർവഹണത്തിലെ സുപ്രധാനമായ ഈ ഇടപെടൽ ആയിരക്കണക്കിന് തടവുകാർക്ക് ആശ്വാസമാകും.
2002-ലെ നിതീഷ് കട്ടാര കൊലപാതകക്കേസിലെ പ്രതിയായ സുഖ്‌ദേവ് യാദവ് എന്ന പെഹൽവാനെ മോചിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്. ഈ വർഷം മാർച്ചിൽ യാദവ് തന്റെ 20 വർഷത്തെ തടവ് ശിക്ഷ ഇളവുകളില്ലാതെ പൂർത്തിയാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.
“ഈ ഉത്തരവിന്റെ പകർപ്പ് രജിസ്ട്രി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആഭ്യന്തര സെക്രട്ടറിമാർക്ക് വിതരണം ചെയ്ത്, ഏതെങ്കിലും കുറ്റവാളി ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നുണ്ടോ എന്ന് ഉറപ്പാക്കണം,” ബെഞ്ച് വ്യക്തമാക്കി.
“അങ്ങനെയെങ്കിൽ, മറ്റ് കേസുകളിൽ ആവശ്യമില്ലെങ്കിൽ അത്തരം കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക. സമാനമായ ഒരു പകർപ്പ് എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെയും നാഷണൽ ലീഗൽ സർവീസ് അതോറിറ്റികളുടെ മെമ്പർ സെക്രട്ടറിക്ക് കൈമാറുന്നതിനായി അയയ്ക്കും. വിധി നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങളിലെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളെ അറിയിക്കുന്നതിനാണിത്,” കോടതി കൂട്ടിച്ചേർത്തു.